ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് മനുഷ്യ നിർമിതമാണെന്ന് ശാസ്‌ത്രജ്‌ഞൻ. ചൈനയിലെ വുഹാനിലെ വിവാദ ഗവേഷണ ലാബിൽ ജോലി ചെയ്‌തിരുന്ന യുഎസ് ശാസ്‌ത്രജ്‌ഞനായ ആൻഡ്രൂ ഹഫാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. എപ്പിഡെമിയോളജിസ്റ്റായ ഹഫിന്‍റെ 'ദ ട്രൂത്ത് എബൗട്ട് വുഹാൻ' എന്ന പുസ്‌തകത്തിലെ പ്രസക്തഭാഗങ്ങൾ പരാമർശിച്ചുകൊണ്ട് ന്യൂയോർക്ക് പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്.
ഇതനുസരിച്ച് ചൈനയുടെ പ്രവർത്തന നേട്ട പരീക്ഷണങ്ങൾ അപര്യാപ്‌തമായ സുരക്ഷയോടെയാണ് നടത്തിയതെന്നും അതിന്‍റെ ഫലമായിട്ടാണ് സർക്കാർ ധനസഹായത്തോടെ നടത്തുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് വൈറസ് ലീക്കായതെന്നും ഹഫ് തന്‍റെ പുസ്‌തകത്തിൽ അവകാശപ്പെടുന്നു. എന്നാൽ ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരും ലാബ് തൊഴിലാളികളും വൈറസ് ഉത്ഭവിച്ചത് അവിടെ നിന്നാണെന്ന പ്രസ്‌താവന നിഷേധിച്ചു. ഒരു ദശാബ്‌ദത്തിലേറെയായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്‍റെ ധനസഹായത്തോടെ വവ്വാലുകളിലെ നിരവധി കൊറോണ വൈറസുകളുടെ ഘടന പഠിച്ചുവരുന്നു.
വവ്വാലുകളിലെ കൊറോണ വൈറസിനെ മറ്റു ജീവി വർഗങ്ങളെ ആക്രമിക്കുന്നതിന് എങ്ങനെ ഉപയോഗിക്കാം എന്നതിൽ നിലവിലുള്ള മികച്ച രീതികൾ വികസിപ്പിക്കുന്നതിന് ഹഫ് വുഹാനിലെ ലാബിനെ വർഷങ്ങളോളം സഹായിച്ചിരുന്നതായി പ്രസ്‌താവിച്ചു. അപകടകരമായ ബയോടെക്‌നോളജി ചൈനയ്‌ക്ക് കൈമാറിയതിന് യുഎസ് സർക്കാരാണ് ഉത്തരവാദിയെന്നും ഹഫ് പറഞ്ഞു.