ബീജിങ്: ബഹിരാകാശ നിലയത്തിന്‍റെ പണി പൂര്‍ത്തിയാക്കാനായി ആറ് മാസത്തെ ദൗത്യത്തിനുള്ള യാത്രാ സംഘത്തെ പ്രഖ്യാപിച്ച് ചൈന. നിലയത്തിന്‍റെ പണി പൂര്‍ത്തിയായാല്‍ ബഹിരാകാശ നിലയം സ്വന്തമായുള്ള ആദ്യ രാജ്യമായി മാറും ചൈന. ഷെന്‍ഷൂ-14 എന്ന പേരിലുള്ള ബഹിരാകാശ വാഹനത്തിലാണ് മൂന്നംഗ സംഘം ഞായറാഴ്ച യാത്ര തിരിക്കുക(05.06.2022).
ലോങ്‌മാര്‍ച്ച്- 2എഫ് എന്ന റോക്കറ്റാണ് ഷെന്‍ഷൂ-14 വാഹനത്തെ ബഹിരാകാശത്ത് എത്തിക്കുക. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ജിയുഖ്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് (Jiuquan Satellite Launch Centre) വിക്ഷേപണം. ടിയാന്‍ഗോങ് എന്ന് പേരിട്ടിരിക്കുന്ന ചൈനയുടെ ബഹിരാകാശ നിലയം ഇപ്പോള്‍ പണിപ്പുരയിലാണ്.
ബഹിരാകാശത്ത് ആറ് മാസം ചെലവഴിച്ച് ഈ നിലയത്തിന്‍റെ പ്രധാന ഭാഗങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതിന് ശേഷം കഴിഞ്ഞ ഏപ്രിലില്‍ മൂന്നംഗ ചൈനീസ് യാത്രികരുടെ സംഘം തിരികെ വന്നിരുന്നു. ഈ സംഘത്തില്‍ ഒരു വനിതയുമുണ്ടായിരുന്നു. ബഹിരാകാശ നിലയത്തില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട സാങ്കേതിക വിദ്യകളുടെ പരിശോധന ഈ സംഘമാണ് നടത്തിയത്.
ഈ വര്‍ഷം അവസാനത്തോടെ നിലയത്തിന്‍റെ നിര്‍മാണം പൂര്‍ത്തികരിക്കുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ഒരു രാജ്യം പൂര്‍ണമായി നിയന്ത്രിക്കുന്ന ബഹിരാകാശ നിലയമായിരിക്കും ഇത്. റഷ്യയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശ നിലയം(ഐഎസ്‌എസ്) പല രാജ്യങ്ങള്‍ ചേര്‍ന്ന് വികസിപ്പിച്ചതാണ്. എതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐഎസ്‌എസ് പ്രവര്‍ത്തന രഹിതമാകും. അപ്പോള്‍ നിലനില്‍ക്കുന്ന ഏക അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ചൈനയുടേതായിരിക്കും.
ചെന്‍ ഡോങ്, ലിയു യാങ്, കയിഷൂ എന്നിവരാണ് സംഘത്തിലുള്ളത്. ദൗത്യത്തിന്‍റെ കമാന്‍ഡര്‍ ചെന്‍ ആയിരിക്കും. ചെന്നും ലിയുവും ഇതിന് മുമ്പ് ബഹിരാകാശ പര്യവേക്ഷണം നടത്തിയവരാണ്. മൂന്ന് മൊഡ്യൂളുകളുള്ള ഈ ബഹിരാകാശ നിലയത്തിന്‍റെ പണി ആരംഭിച്ചത് ടിയാന്‍ഹി എന്ന ഇതിന്‍റെ മൂന്ന് മൊഡ്യൂളിലെ ഏറ്റവും വലിയ മൊഡ്യൂള്‍ വിക്ഷേപിച്ചുകൊണ്ടാണ്.