ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര 600 ഡീസൽ കാറുകൾ തിരികെ വിളിക്കും. എഞ്ചിനിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയുടെ നടപടി. 600 ഡീസൽ കാറുകളുടെ എഞ്ചിനുകൾ മാറ്റി നൽകുമെന്നാണ് മഹീന്ദ്ര അറിയിച്ചത്.
Also Read: കുത്തനെ ഇടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി
എന്നാൽ ഏത് മോഡൽ ആണ് തിരിച്ചു വിളിക്കുകയെന്ന് മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. ജൂൺ 21 മുതൽ ജൂലൈ 2 വരെ മഹാരാഷ്ട്രയിലെ നാസിക് പ്ലാന്‍റിൽ നിർമിച്ച കാറുകളാണ് തിരികെ വിളിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിന് വാഹന ഉടമകളെ വ്യക്തിപരമായി ബന്ധപ്പെടുമെന്നും മഹീന്ദ്ര അറിയിച്ചു.
പൂർണമായും സൗജന്യമായാകും കമ്പനി വണ്ടികളുടെ പ്രശ്നങ്ങൾ പരിഹരിച്ചു നൽകുക. രാജ്യത്തെ അഞ്ചാമത്തെ വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മഹീന്ദ്ര & മഹീന്ദ്രയുടെ താർ, സ്കോർപിയോ, മരാസോ, എക്‌സ്‌യുവി300 എന്നീ വാഹനങ്ങളാണ് നാസിക്കിലെ പ്ലാന്‍റിൽ കമ്പനി നിർമിക്കുന്നത്. കഴിഞ്ഞ ആഴ്‌ചയാണ് മഹീന്ദ്ര തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ബൊലറോ നിയോ അവതരിപ്പിച്ചത്.