സിയോൾ: സാംസങ് ചില പ്രീമിയം മുൻനിര ഫോണുകളിൽ ആപ്പിളിന്‍റെ സെൻസർ-ഷിഫ്റ്റ് കാമറ ഫീച്ചർ ഉപയോഗിക്കുമെന്ന് സൂചന. ഐഫോൺ 12ന്‍റെ കാമറയിൽ ഉപയോഗിക്കുന്ന സെൻസർ-ഷിഫ്റ്റ് ഫീച്ചറാകും സാംസങ്ങ് ഉപയോഗിക്കുക. കഴിഞ്ഞ വർഷം ഇറങ്ങിയ സാംസങ്ങിന്‍റെ ഗ്യാലക്‌സി എസ്20 അൾട്രായുടെ കാമറ ഓട്ടോഫോക്കസിങ്ങിന്‍റെ കാര്യത്തിൽ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.
നിലവിൽ സാംസങ്ങ് ഒപ്‌റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ടെക്നോളജി(ഒഐഎസ്) ആണ് ഫോണുകളിൽ ഉപയോഗിക്കുന്നത്. അടുത്ത വർഷം ഇറങ്ങുന്ന സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗ്യാലക്‌സി എസ്22യിൽ ആകും ഒഐഎസിൽ നിന്നും സെൻസർ-ഷിഫ്റ്റിലേക്കുള്ള മാറ്റം എന്നാണ് സൂചന. കഴിഞ്ഞ വർഷം ആപ്പിൾ തങ്ങളുടെ ഐഫോണ്‍ 12ലൂടെ ആണ് സെൻസർ-ഷിഫ്റ്റ് ടെക്നോളജി ആദ്യമായി ഒരു മൊബൈലിൽ അവതരിപ്പിച്ചത്. ഈ ടെക്‌നോളജിയിൽ ഇമേജിന്‍റെ അനാവശ്യമായ ചലനത്തിന് പരിഹാരമായി ലെൻസ് നീങ്ങുന്നതിന് പകരം ഇമേജ് സെൻസർ മൊത്തമായാകും ചലിക്കുക.