മേരിലാന്‍റ് : പന്നിയുടെ ഹൃദയം മനുഷ്യനില്‍ മാറ്റിവച്ച് വൈദ്യശാസ്‌ത്ര ലോകം. അമേരിക്കയിലെ മേരിലാന്‍റ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോക്‌ടര്‍മാരാണ് ഈ നേട്ടം സ്വന്തമാക്കിയത്. 57കാരനായ ഡേവിഡ് ബെനെറ്റിലാണ് പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്. ശസ്‌ത്രക്രിയ കഴിഞ്ഞിട്ട് മൂന്ന് ദിവസമായി. ഡേവിഡ് ബെനെറ്റ് സുഖം പ്രാപിച്ച് വരികയാണെന്നും നിലവില്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.
അവയവമാറ്റ ശസ്‌ത്രക്രിയയില്‍ വലിയ പ്രതീക്ഷ നല്‍കുന്ന നേട്ടമാണിത്. മനുഷ്യാവയവ ക്ഷാമം നിലനില്‍ക്കുമ്പോള്‍ മൃഗങ്ങളുടേത് ഉപയോഗപ്രദമാണെങ്കില്‍ വലിയ മുന്നേറ്റമാകുമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഡേവിഡ് ബെനറ്റില്‍ നടത്തിയ ഈ ശസ്‌ത്രിക്രിയയിലൂടെ തെളിയുന്നത് ജീന്‍ എഡിറ്റ് ചെയ്യപ്പെട്ട മൃഗങ്ങളുടെ ഹൃദയം മനുഷ്യനില്‍ പ്രവര്‍ത്തിക്കുമെന്നാണ്, അത്തരം ഹൃദയത്തെ മനുഷ്യ ശരീരം തിരസ്‌കരിക്കില്ല എന്നുമാണ്.
ALSO READ:ഡെല്‍റ്റാക്രോണ്‍ : കൊവിഡിന് പുതിയ വകഭേദം, സ്ഥിരീകരിച്ചത് സൈപ്രസില്‍
മനുഷ്യശരീരം മൃഗങ്ങളുടെ ഹൃദയത്തോട് താദാത്മ്യം പ്രാപിക്കില്ല എന്നുള്ളതായിരുന്നു വെല്ലുവിളി. എന്നാല്‍ ഈ വെല്ലുവിളി മറികടക്കാനായി ഹൃദയമെടുക്കപ്പെട്ട പന്നിയെ ജനിതക എഡിറ്റിങ്ങിന് വിധേയമാക്കിയിരുന്നു. മനുഷ്യശരീരം പന്നിയുടെ ഹൃദയത്തെ തിരസ്‌കരിക്കാന്‍ കാരണം അതിന്‍റെ സെല്ലുകളിലെ ഒരു തരം ഷുഗര്‍ ആണ്.
പന്നിയുടെ സെല്ലില്‍ നിന്ന് ഈ ഷുഗര്‍ മാറ്റിയതിന് ശേഷമാണ് ഹൃദയം ഡേവിഡ് ബെനെറ്റില്‍ വച്ചുപിടിപ്പിച്ചത്. മറ്റൊരു മനുഷ്യ ഹൃദയം സ്വീകരിക്കാനുള്ള ആരോഗ്യ സ്ഥിതി ബെനറ്റിന് ഇല്ലാത്തതുകൊണ്ടാണ് അവസാന ശ്രമം എന്നനിലയില്‍ പന്നിയുടേത് വച്ചുപിടിപ്പിച്ചത്. കുറച്ചുദിവസങ്ങള്‍കൂടി കഴിഞ്ഞാല്‍ മാത്രമേ ശസ്‌ത്രക്രിയ പൂര്‍ണ വിജയമാണെന്ന് പറയാന്‍ സാധിക്കുകയുള്ളൂ.