വിസ്കോൺസിൻസ് നോർത്ത്ലൻഡ് കോളജിലെ വനശാസ്‌ത്ര വകുപ്പ് പ്രൊഫസറായ ജോൺ മാർട്ടിന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞർ ചേർന്നാണ് നിറം മാറുന്ന പറക്കും അണ്ണാനെ കണ്ടെത്തിയത്. നോർത്ത് അമേരിക്കയിലെ ചിലയിനം പറക്കും അണ്ണാന്മാരാണ് രാത്രികാലങ്ങളിൽ നിറം മാറുന്നതെന്ന് മമ്മോളജി ജേർണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തില്‍ പറയുന്നു. നിറം മാറാൻ കഴിവുള്ള ഇത്തരം അണ്ണാന്മാരുടെ ശരീരം രാത്രികാലങ്ങളിൽ തിളങ്ങുമെന്നും ലേഖനത്തിൽ പറയുന്നു.
അൾട്രാവയലറ്റ് ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചാണ് നിറം മാറുന്ന അണ്ണാൻമാരെ കണ്ടെത്തിയത്. ചെടികളിൽ പരീക്ഷണം നടത്തുന്നതിനായാണ് രാത്രിയിൽ മാർട്ടിനും കൂട്ടരും പുറത്തിറങ്ങിയത്. ആ സമയത്താണ് അപ്രതീക്ഷിതമായി നിറം മാറുന്ന അണ്ണാൻ ഇവരുടെ മുന്നിൽപ്പെട്ടത്. അൾട്രാവയലറ്റ് രശ്മികൾ പറക്കും അണ്ണാന്റെ ദേഹത്ത് പതിഞ്ഞപ്പോഴാണ് അണ്ണാൻ പിങ്ക് നിറമാവാൻ തുടങ്ങിയത്.
പിന്നീട് നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് നിറംമാറുന്ന പറക്കും അണ്ണാനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പറക്കും അണ്ണാൻമാരുടെ നിറം മാറ്റത്തെ കുറിച്ചുള്ള ശാസ്ത്രീയവശങ്ങളെക്കുറിച്ച് ഇതുവരെ കണ്ടെത്താൻ ശാസ്ത്രജ്ഞൻമാർക്ക് കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ ശാസ്ത്രലോകം.