പണ്ടുകാലം മുതൽ ആർത്തവത്തെ ചുറ്റിപ്പറ്റി തുടർന്നുപോരുന്ന കെട്ടുകഥകൾ സമൂഹത്തിൽ പല മിഥ്യാധാരണകൾക്കും കാരണമായിട്ടുണ്ട്. സ്ത്രീകളിൽ അവരുടെ പ്രത്യുത്പാദനത്തിന്‍റെ ഭാഗമായി നടക്കുന്ന പ്രക്രിയയാണ് ആർത്തവം. തികച്ചും സ്വാഭാവികമായ ജൈവ പ്രക്രിയയാണിത്.
ആരോഗ്യശാസ്ത്രപരമായി സ്ത്രീകളിലെ വളർച്ചയുടെ അടയാളമായി ആർത്തവത്തെ കണക്കാക്കാം. എല്ലാ മാസവും സ്‌ത്രീശരീരത്തിലെ ഹോർമോണുകൾ കാരണം ഗർഭപാത്രത്തിൽ ഒരു പാളി(endometrial layer) രൂപപ്പെടുന്നു. സ്‌ത്രീ ഗർഭം ധരിക്കാത്തിടത്തോളം ഈ പാളി എല്ലാ മാസവും ആർത്തവ സമയത്ത് തകരുകയും രക്തസ്രാവത്തിന്‍റെ രൂപത്തിൽ ശരീരം പുറന്തള്ളുകയും ചെയ്യുന്നു. ഈ സമയത്ത് സ്‌ത്രീകൾക്ക് ശക്തമായ വയറുവേദന, നടുവേദന ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും.
ഈ അവസ്ഥയെ അശുദ്ധിയായി മുദ്രകുത്തി സ്‌ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദുസ്ഥിതി രാജ്യത്തിന്‍റെ പലയിടത്തും നിലനില്‍ക്കുന്നുണ്ട്. ലോകത്തിലെ പല വികസ്വര രാജ്യങ്ങളിലും ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള ഒരു പ്രത്യേക കളങ്കവും വിലക്കുമുണ്ട്. ആ യാഥാസ്ഥിതിക ചിന്താഗതി സ്ത്രീകൾക്കും പുരുഷന്മാർക്കും ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നതിന് പല വിധത്തിൽ തടസങ്ങളും സൃഷ്‌ടിച്ചു.
Also read : കുളിക്കാം, കഴിക്കാം, ശാരീരിക ബന്ധത്തിലും ഏർപ്പെടാം.. മാറ്റാം ആർത്തവത്തെ കുറിച്ചുള്ള മിഥ്യാധാരണകൾ
ഈ പഴഞ്ചൻ ചിന്താഗതിക്ക് മാറ്റം കൊണ്ടുവരുന്നതിനും ആർത്തവവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും ലോകമെമ്പാടും എല്ലാ വർഷവും മെയ് 28 ലോക ആർത്തവ ശുചിത്വ ദിനമായി ആചരിക്കുന്നു. ആർത്തവ സമയത്തെ ശുചിത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും വിഷയം തുറന്ന് ചർച്ച ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മെയ് 28 ന് ലോക ആർത്തവ ശുചിത്വ ദിനമായി ആചരിക്കുന്നത്.
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അവരുടെ മെച്ചപ്പെട്ട ആരോഗ്യത്തിന് ആവശ്യമായ ധാരണ സൃഷ്‌ടിക്കാനുമാണ് ഈ ദിനാചരണം. 2013-ൽ ജർമനി ആസ്ഥാനമായുള്ള വാഷ് യുണൈറ്റഡ് എന്ന എൻജിഒയാണ് ഈ ദിനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ആദ്യമായി ഉന്നയിച്ചത്.
Also read : International Womens Day: ആർത്തവം അശുദ്ധിയല്ല; മാറ്റാം മിഥ്യാധാരണകൾ
2014 മെയ് 28-നാണ് ഈ ദിനം ആദ്യമായി ആചരിച്ചത്. 2030ഓടെ ആർത്തവത്തെ ഒരു സാധാരണ ജീവിത യാഥാർഥ്യമാക്കുക എന്ന പ്രമേയത്തോടെയാണ് 2023ൽ ലോക ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത്. എല്ലാ മാസവും സ്ത്രീകൾ കടന്നുപോകുന്ന 28 ദിവസത്തെ ആർത്തവചക്രം എടുത്തുകാട്ടാനാണ് '28' എന്ന തീയതി ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നതിനായി തെരഞ്ഞെടുത്തത്. ആർത്തവ സമയത്തെ ശുചിത്വമില്ലായ്‌മ സ്ത്രീകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും.
ആർത്തവ സമയത്ത് നിരന്തരമായി സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്താറുണ്ട്. അടുക്കള, ക്ഷേത്രം, ആരാധന, വ്യായാമം എന്നിങ്ങനെ പല വിലക്കുകളും സ്ത്രീകൾ നേരിടേണ്ടി വരുന്നു. ഇത്തരത്തിലുള്ള വിലക്കുകൾ തടയുന്നതിനും ആർത്തവ ശുചിത്വത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനും ആർത്തവ ശുചിത്വ ഉത്പന്നങ്ങളുടെ സാര്‍വത്രികമായ ലഭ്യത ഉറപ്പുവരുത്തുന്നതടക്കമുള്ള ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ദിനം ആചരിക്കുന്നത്.വിവിധ സർക്കാരുകളും സർക്കാരിതര സംഘടനകളും ഈദിനം സമുചിതമായി ആചരിക്കുന്നതിന് വേദികള്‍ ഒരുക്കാറുണ്ട്.