തിരുവനന്തപുരം: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ നെഞ്ചിടിപ്പേറുന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്. ശശി തരൂരിന് കേരളത്തില്‍ നിന്ന് കിട്ടുന്ന വോട്ടുകളുടെ എണ്ണമാണ് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ ഉറക്കം കെടുത്തുന്നത്. കോണ്‍ഗ്രസില്‍ വെറും 13 വര്‍ഷത്തെ സീനിയോറിട്ടി മാത്രമുള്ള തരൂര്‍ ദേശീയ തലത്തില്‍ ഒരു താരമായി ഉയരുന്നതിന്‍റെ കണ്ണുകടി ഒരു വശത്ത്, ഹൈക്കമാന്‍ഡിന്‍റെ ഇംഗിതം അവഗണിച്ച് തരൂര്‍ നേടുന്ന വോട്ടുകള്‍ സ്വന്തം സംസ്ഥാനത്ത് കെ സി വേണുഗോപാല്‍ എന്ന സംഘടന ജനറല്‍ സെക്രട്ടറിക്ക് ഉണ്ടാക്കുന്ന നാണക്കേട് മറുവശത്ത്.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ദിഗ്‌വിജയ് സിങ് നേരത്തേ തന്നെ തരൂരിനെതിരെ മത്സരിക്കാനില്ലെന്ന് പറഞ്ഞ് പിന്മാറിയെങ്കില്‍ മധ്യപ്രദേശിലെ തന്നെ മറ്റൊരു മുന്‍ മുഖ്യമന്ത്രിയും ദേശീയതലത്തിലെ തന്നെ കരുത്തനായ നേതാവുമായ കമല്‍നാഥ് പരസ്യമായി തന്നെ തരൂരിനെ പിസിസി ആസ്ഥാനത്ത് സ്വീകരിക്കാനെത്തിയത് തരൂര്‍ ക്യാമ്പിനെ കൂടുതല്‍ ആവേശ ഭരിതമാക്കുന്നു. തമിഴ്‌നാട്ടിലും തെലങ്കാനയിലും മഹാരാഷ്‌ട്രയിലുമെല്ലാം പ്രചാരണത്തിനെത്തുന്ന തരൂരിനെ മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്‌കരിക്കുകയാണെങ്കിലും സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹത്തിനു ലഭിക്കുന്ന സ്വീകാര്യത കേരളത്തിലും തരൂര്‍ ക്യാമ്പിന് ആത്മവിശ്വാസം പകരുന്നതാണ്.
കോണ്‍ഗ്രസ് നേതാക്കളെ കണ്ണുരുട്ടിയും സ്ഥാനമാനങ്ങളിലേക്ക് ഹൈക്കമാന്‍ഡ് സ്വാധീനം ഉപയോഗിച്ച് സ്ഥാനത്തും അസ്ഥാനത്തും നിയമിച്ചും കേരളത്തില്‍ സ്വന്തം അധീശത്വം ഉറപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ ഉറക്കമാണ് തരൂര്‍ കെടുത്തുന്നത്. ഇത്തരം സ്വാധീനങ്ങളെയെല്ലാം അവഗണിച്ച് പരസ്യമായും രഹസ്യമായും തരൂരിനെ നേരിട്ട് പിന്തുണ അറിയിക്കുന്നവരുടെ എണ്ണം അനുദിനം കൂടിവരികയാണെന്ന് തരൂര്‍ ക്യാമ്പ് അവകാശപ്പെടുന്നതില്‍ കാര്യമില്ലാതില്ല. കെപിസിസി ഓഫിസില്‍ നിന്ന് പ്രസിഡന്‍റ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനെത്തിയ തരൂരിനെ വെട്ടിച്ച് മുങ്ങിയെങ്കിലും മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി തരൂരുമായി കൂടിക്കാഴ്‌ചയ്ക്ക് തയാറായതും ശ്രദ്ധേയമാണ്.
തമിഴ്‌നാട് പിസിസിയുടെ ഔദ്യോഗിക നേതൃത്വത്തിന്‍റെ നിര്‍ദേശം മറികടന്ന് അവിടെ നിന്നും തരൂരിന് ദിനം പ്രതി പിന്തുണയേറുന്നു എന്നും കേരളത്തിലെ തരൂര്‍ അനുകൂലികള്‍ അവകാശപ്പെടുന്നു. കേരളത്തില്‍ ആകെയുള്ള 310 വോട്ടുകളില്‍ 125 വോട്ടുകള്‍ ഉറപ്പിക്കുന്ന തരൂര്‍ പക്ഷം അതൊരു പക്ഷേ 150 വോട്ടിനു മുകളിലേക്കുയര്‍ന്നാലും അത്‌ഭുതപ്പെടാനില്ലെന്ന സൂചന നല്‍കുന്നു. ആദ്യഘട്ടത്തില്‍ ഹൈക്കമാന്‍ഡിനൊപ്പം നിലയുറപ്പിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇപ്പോള്‍ വോട്ടാര്‍ക്കെന്ന പരസ്യ പ്രതികരണത്തിനു മുതിരുന്നില്ലെന്നതും തുടക്കം മുതലേ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ നിഷ്‌പക്ഷ നിലപാടിലാണെന്നതും തരൂര്‍ പക്ഷം ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസിലെത്തിയ കാലം മുതലേ തരൂരിന് ലഭിക്കുന്ന ദേശീയ ശ്രദ്ധയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പിന്തുണയും അങ്ങനെയങ്ങ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ എന്നു മാത്രമല്ല, സ്വന്തം നിലയില്‍ എഐസിസി അധ്യക്ഷ പദത്തിലേക്ക് മത്സരിക്കാന്‍ തരൂരിനെ പോലെ വ്യക്തി പ്രഭാവം തങ്ങള്‍ക്കില്ലെന്ന തിരിച്ചറിവും ഇവരെ നിരാശരാക്കുന്നു. തരൂര്‍ ജയിച്ചാലും തോറ്റാലും ഭാവിയില്‍ കേരളത്തിലെ അടക്കം കാര്യങ്ങള്‍ തരൂര്‍ നിശ്ചയിക്കുന്ന നിലയിലേക്കു നീങ്ങുമോ എന്ന ഭയവും ഇവര്‍ക്കുണ്ട്. എന്നാല്‍ എഐസിസി തെരെഞ്ഞെടുപ്പ് സമിതി നിര്‍ദേശം കണക്കിലെടുത്ത് പരസ്യ ആഹ്വാനത്തിന് ആരും മുതിരുന്നില്ല.
അതിനിടെയാണ് തരൂരിനെ മധ്യപ്രദേശില്‍ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഒരു ദേശീയ നേതാവ് കമല്‍നാഥിനെ വിളിച്ചിരുന്നു എന്ന അഭ്യൂഹം പരക്കുന്നത്. ഹൈക്കമാന്‍ഡിലെ അദ്ദേഹത്തിന്‍റെ സ്വാധീനം കമല്‍നാഥ് കണക്കിലെടുത്തതേയില്ലെന്ന് മധ്യപ്രദേശില്‍ അദ്ദേഹം തന്നെ നേതൃത്വം നല്‍കി തരൂരിന് സ്വീകരണമൊരുക്കിയത് തെളിയിക്കുന്നു. ഏതായാലും രാജ്യ വ്യാപക പര്യടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തരൂര്‍ വോട്ടെടുപ്പ് ദിനമായ 17ന് കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 19 ന് വോട്ടെണ്ണലില്‍ തോല്‍വിയായാലും ജയമായാലും സമീപഭാവിയില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു തരൂര്‍ തരംഗം ശക്തിപ്പെട്ടാല്‍ അത്‌ഭുതപ്പെടാനില്ലെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.