വളര്‍ച്ച എഞ്ചിനുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ടെക് കമ്പനികള്‍ ഈയടുത്ത കാലഘട്ടത്തിലൊന്നും നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ബിഗ്‌ടെക് കമ്പനികളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിരുന്ന മൈക്രോസേഫ്‌റ്റിന് പോലും ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായി. ലോകത്തിലാകെ 1,20,000 പേര്‍ കഴിഞ്ഞ മാസങ്ങളിലായി ടെക് കമ്പനികളില്‍ നിന്ന് പിരിച്ചുവിട പെട്ടുവെന്നാണ് പിരിച്ചുവിടല്‍ ട്രാക്ക് ചെയ്യുന്ന Layoffs.fy എന്ന വെബ്‌സൈറ്റ് കണക്കാക്കുന്നത്.
ട്വിറ്റര്‍ പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. ഫേസ്‌ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ 11,000 ജീവനക്കാരെയും ആമസോണ്‍ പതിനായിരം പേരെയും പിരിച്ചുവിട്ടു. ഇന്ത്യയില്‍ എഡ്യു ടെക് കമ്പനികളായ ബൈജൂസും, അണ്‍അക്കാദമിയും വരെ ആളുകളെ പിരിച്ചുവിടുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത് ഓഹരിവിപണികളെയടക്കം മുന്നോട്ട് നയിച്ച ടെക് കമ്പനികള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്നാണ് പലരും ചോദിക്കുന്നത്.
കണക്കുകൂട്ടലുകള്‍ തെറ്റി: കൊവിഡ് കാലം ടെക് കമ്പനികളെ സംബന്ധിച്ചിടത്തോളം നല്ല കാലമായിരുന്നു. ലോക്‌ഡൗണ്‍ സമയത്ത് ആളുകള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിച്ചു. ഓണ്‍ലൈന്‍ വഴി കൂടുതല്‍ പര്‍ച്ചേസുകള്‍ നടത്തി. ഓണ്‍ലൈന്‍ പഠനം വ്യാപകമായി. ഇതിന്‍റെ ഫലമായി ടെക് കമ്പനികളുടെ വരുമാനവും വലിയ രീതിയില്‍ വര്‍ധിച്ചു.
ഈ ബിസിനസ് വളര്‍ച്ച സ്ഥായിയാരിക്കും എന്ന ധാരണയില്‍ മെറ്റയും ആമസോണും അടക്കമുള്ള പല ടെക് കമ്പനികളും കൂടുതല്‍ നിക്ഷേപവും കൂടുതല്‍ ആളുകളെ ജോലിക്കെടുക്കുകയും ചെയ്‌തു. എന്നാല്‍ കൊവിഡാനന്തര സാഹചര്യം ടെക് കമ്പനികളെ സംബന്ധിച്ച് സൗഹൃദപരമായിരുന്നില്ല. ആളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചെലവഴിക്കുന്നതും ഓണ്‍ലൈന്‍ പര്‍ച്ചേസുമൊക്കെ കുറച്ചത് ടെക്‌കമ്പനികള്‍ക്ക് തിരിച്ചടിയായി.
കണക്ക് കൂട്ടലുകള്‍ തെറ്റിയെന്നും ജീവനക്കാരെ പിരിച്ചുവിടപ്പെട്ടതിന്‍റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു എന്നും മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് പറയേണ്ടി വന്നു. കൊവിഡ് കാലത്തെ വളര്‍ച്ചയില്‍ ആകൃഷ്‌ടരായി കൂടുതല്‍ ആളുകളെ ജോലിക്കെടുത്തതും നിക്ഷേപം നടത്തിയതിലും കണക്ക് കൂട്ടലുകള്‍ തെറ്റി എന്ന് ആമസോണും വ്യക്തമാക്കി.
പരസ്യവരുമാനം കുറയുന്നു: മെറ്റ, ട്വിറ്റര്‍ തുടങ്ങിയ പല ടെക് കമ്പനികളുടെയും വരുമാനത്തിന്‍റെ പ്രധാന സ്രോതസ് പരസ്യവരുമാനമാണ്. ഉപയോക്താക്കളുടെ ഡാറ്റ കൈവശമുള്ളത് ടാര്‍ഗെറ്റഡായുള്ള പരസ്യം നല്‍കാന്‍ ടെക്‌കമ്പനികളെ സഹായിക്കുന്നു. എന്നാല്‍ ഇതില്‍ പല വിമര്‍ശനങ്ങളും ടെക് കമ്പനികള്‍ നേരിടുന്നു. ഉപയോക്താക്കളുടെ സ്വകാര്യത ഹനിക്കുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം.
ഈ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ആപ്പിള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പ് വരുത്തുന്നതിനായിട്ടുള്ള ടൂളുകള്‍ ലഭ്യമാക്കി. ഇത് ഫേസ്ബുക്ക് അടക്കമുള്ള കമ്പനികളുടെ ടാര്‍ഗറ്റഡായി പരസ്യം നല്‍കാനുള്ള ശേഷി ഇല്ലാതാക്കി. തത്ഫലമായി അവരുടെ പരസ്യവരുമാനം കുറയുന്ന സാഹചര്യം സൃഷ്‌ടിച്ചു.
സമ്പദ്‌വ്യവസ്ഥ കൂപ്പ് കുത്തിയതും ബാധിച്ചു: പരസ്യവരുമാനം കുറയാനുള്ള മറ്റൊരു കാരണം ലോകസമ്പദ് വ്യവസ്ഥ ഇടിഞ്ഞതാണ്. ഇതിന് പ്രധാനകാരണം കൊവിഡിന് പിന്നാലെ യുക്രൈന്‍ യുദ്ധമാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളായ യുഎസ്, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ വളര്‍ച്ച നിരക്ക് കൂപ്പ് കുത്തി. യൂറോപ്പിലും , യുഎസിലും വിലക്കയറ്റം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.
വിലക്കയറ്റം ഉയര്‍ന്ന പശ്ചാത്തലത്തില്‍ യുഎസിലേത് ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതിലേക്കാണ് കാര്യങ്ങള്‍ പോയത്. വരുമാനം കുറഞ്ഞസാഹചര്യത്തില്‍ കമ്പനികള്‍ പരസ്യം ബജറ്റ് കുറച്ചു.
വിലക്കയറ്റം കാരണം ആളുകള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസ് കുറച്ചു. ലോക്‌ഡൗണ്‍ സമയത്ത് ഓണ്‍ലൈനിലൂടെയുള്ള വിദ്യാഭ്യാസം വളരെയധികം വ്യാപിച്ചു. ഇത് എഡുടെക് കമ്പനികളുടെ ലാഭം വര്‍ധിപ്പിച്ചു.
എന്നാല്‍ ലോക്‌ഡൗണ്‍ കഴിഞ്ഞ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് ഈ വളര്‍ച്ച നിരക്ക് കുറച്ചു. പലിശ നിരക്ക് വളരെയധികം കൂടിയത് ഫിന്‍ടെക് കമ്പനികളുടെ നടുവൊടിച്ചു. അങ്ങനെ പരസ്‌പരം ബന്ധിതമായ ബഹുമുഖ പ്രശ്‌നങ്ങളാണ് ടെക്‌കമ്പനികളെ കുഴപ്പത്തിലാക്കുന്നത്. അങ്ങനെ ടെക്‌കമ്പനികള്‍ ഉയര്‍ത്തിയ കുമിള പൊട്ടുന്ന കാഴ്‌ചയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.