ലോകം മുഴുവന്‍ വാലന്‍റൈന്‍സ് ദിനം ആഘോഷിക്കാനിരിക്കുന്നതിന്‍റെ ആവേശത്തിലാണ്. ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ഫെബ്രുവരി മാസത്തിലെ ഈ പ്രണയാഘോഷത്തില്‍ ആദ്യം 'റോസ് ഡേ' ആണ്. നമുക്ക് ആരോടാണോ പ്രണയം തോന്നുന്നത് അവര്‍ക്ക് ഒരു റോസാപ്പൂ സമ്മാനിക്കുന്നതാണ് ഈ ദിനം. കക്ഷിയില്‍ ഒരു താത്‌പര്യമുണ്ടെന്ന് നമുക്ക് സൂചന നൽകാന്‍ കഴിയുന്ന നല്ല ദിനം. ഫെബ്രുവരി ഏഴാം തിയതി കഴിഞ്ഞ സ്ഥിതിയ്‌ക്ക് ഇനി 'സൂചന'യെക്കുറിച്ച് ആലോചിച്ച് നേരം കളയാന്‍ സമയമില്ല. നേരിട്ട് കാര്യങ്ങളിലേക്ക് കടക്കാം. അതിനുള്ള അടുത്ത ഘട്ടമാണ് എട്ടാം തിയതിയിലെ 'പ്രൊപ്പോസ് ഡേ'. ഈ ദിനത്തില്‍ ആകര്‍ഷകമായ രീതിയില്‍ എങ്ങനെ പ്രണയം തുറന്നുപറയാമെന്ന് നമുക്കൊന്ന് നോക്കാം.
മെഴുകുതിരി വെട്ടത്തിലെ അത്താഴം: 'പ്രണയ കുമ്പസാരത്തിനെ' കൂടുതല്‍ മനോഹരമാക്കുന്നതാണ് കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍. റെസ്റ്റോറന്‍റുകളിൽ ഇതിനായി ഒരു ടേബിള്‍ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് ഉത്തമം. കാരണം, പ്രൊപ്പോസ് ഡേ ആയതിനാൽ റെസ്റ്റോറന്‍റുകളിൽ തിരക്ക് ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇതിന് വ്യക്തിപരമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വീട്ടിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും വച്ചോ ഭക്ഷണം ഒന്നിച്ച് പാകം ചെയ്യാം. ഒന്നിച്ച് കഥകള്‍ പറഞ്ഞ് പേടിയും മടിയും ഒക്കെ മാറ്റി കൂളായിട്ട് തുറന്നുപറച്ചിലിലേക്ക് കടക്കാം. ഇങ്ങനെയാണ് പ്ലാനെങ്കില്‍ മെഴുകുതിരികൾ, പൂക്കൾ മുതലായവ കൊണ്ട് ഭക്ഷണം കഴിക്കാനുള്ള മേശ അലങ്കരിക്കാന്‍ മിടുക്ക് കാണിക്കുക.
ഒരു എഴുത്ത് ആയാലോ..?: ലജ്ജ, അന്തർമുഖത്വം എന്നിവയുളള ആളാണ് നിങ്ങളെങ്കില്‍ പ്രണയം കണ്ണില്‍ നോക്കി പറയാന്‍ ഒരു ഉള്‍ഭയം ഉണ്ടാവാന്‍ ഇടയുണ്ട്. അങ്ങനെയെങ്കില്‍ മനസിലുള്ളത് പ്രകടിപ്പിക്കാന്‍ ഉത്തമം എഴുത്താണ്. മുന്‍പൊക്കെ കത്തായി ഇത് നല്‍കാറുണ്ടെങ്കിലും ഇപ്പോള്‍ പൊതുവെ മെസേജിങ് ആപ്ലിക്കേഷന്‍ വഴിയാണ് ഇത് പ്രകടിപ്പിക്കാറുള്ളത്. അതുകൊണ്ട് ആകര്‍ഷകമായ ശൈലിയില്‍ എഴുത്തിലൂടെ മനം തുറക്കാന്‍ ഒന്ന് ശ്രമിക്കാം. ഇതിനോട് താത്‌പര്യമില്ലെങ്കില്‍ എന്തെങ്കിലും ഒരു സമ്മാനം കൊടുക്കാം. അതില്‍ ഒരു എഴുത്ത് വയ്‌ക്കാം.
പ്രണയാര്‍ദ്രമാക്കാന്‍ ഒരു റൊമാന്‍റിക് മൂവി: ഡേറ്റിങ് ആണ് ഉദ്ദേശ്യമെങ്കില്‍ മടിക്കേണ്ട ഒരു സിനിമ അങ്ങ് കണ്ടേക്കണം, അതും റൊമാന്‍റിക് മൂവി..! പ്രണയ സിനിമ കാണാന്‍ തിയേറ്ററില്‍ ഒന്നിച്ചുപോവുന്നതും ഇങ്ങനെയാരു മൂഡിലേക്ക് ഒപ്പം കൂട്ടിയ കക്ഷിയെ എത്തിക്കുന്നതും ഗുണം ചെയ്‌തേക്കും. അനുകൂലമായ, സുന്ദര സുരഭിലമായ നിമിഷമാണ് സംഭവിച്ചതെങ്കില്‍, മടിക്കേണ്ട മനം തുറന്നോളൂ...
'പാട്ടും പാടി' പറഞ്ഞാലോ..?: ഇഷ്‌ടപ്പെടുന്ന ആളിന്‍റെ സംഗീത അഭിരുചികള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നിലവിലെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാലത്തേയോ ഹിറ്റ് റൊമാന്‍റിക് പാട്ടുകളോ ഗസലുകളോ ഒക്കെയാവും ചിലര്‍ക്ക് ഇഷ്‌ടം. ഇതൊന്നുമല്ലാത്ത വ്യത്യസ്‌തത ഇഷ്‌ടപ്പെടുന്നവരും ഉണ്ട്. എന്താണ് അവരുടെ ഇഷ്‌ടമെന്ന് അന്വേഷിച്ച് കണ്ടെത്തുക. പാട്ടിന്‍റെ വരികളെക്കുറിച്ച്, അത് നല്‍കുന്ന മൂഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യുക. പാട്ടിലൂടെ പ്രണയം തുറന്നുപറയുന്ന ഘട്ടത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുക.