തിരുവനന്തപുരം: ഇരട്ട നരബലി വാര്‍ത്തയില്‍ കേരളം നടുങ്ങി നില്‍ക്കേ ചര്‍ച്ചയാകുകയാണ് ഇത്തരം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിരോധിക്കുന്നതിനുള്ള നിയമങ്ങളും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കലും. ഇതു സംബന്ധിച്ച നിയമ നിര്‍മാണം എന്ന ആവശ്യം പലകുറി ഉയര്‍ന്നെങ്കിലും ഇതു സംബന്ധിച്ച ബില്ല് കൊണ്ടു വരുന്നതിനോ തയ്യാറാക്കുന്നതിനോ സര്‍ക്കാരിനായിട്ടില്ല. കഴിഞ്ഞ നിയമസഭയില്‍ അംഗമായിരുന്ന അന്തരിച്ച പി.ടി.തോമസ്, ഇപ്പോഴത്തെ നിയമസഭയിലെ അംഗമായ കെ.ഡി.പ്രസേനന്‍ എന്നിവര്‍ അവതരിപ്പിച്ച ഇതു സംബന്ധിച്ച രണ്ട് സ്വകാര്യ ബില്ലുകള്‍ ഈ അവസരത്തില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.
നിയമനിര്‍മാണത്തില്‍ അനാസ്ഥ: 2017ല്‍ പി.ടി.തോമസ് അവതരിപ്പിച്ച സ്വകാര്യ ബില്ലിന്‍റെ പേര് കേരള ദുര്‍മന്ത്രവാദവും അന്ധവിശ്വാസ പ്രവര്‍ത്തികളും നിരോധിക്കുന്നതിനുള്ള ബില്ല് എന്നായിരുന്നു. എല്ലാ സ്വകാര്യ ബില്ലുകളെയും പോലെ സ്വയം ചരമമടയാനായിരുന്നു പി.ടി.തോമസിന്‍റെ ബില്ലിന്‍റെ വിധി. ഇത്തരത്തില്‍ ഒരു നിയമം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന പതിവു മറുപടി ബില്ല് തള്ളിക്കൊണ്ട് അന്നത്തെ നിയമമന്ത്രി എ.കെ.ബാലനില്‍ നിന്നുണ്ടായി എന്നതു മാത്രമാണ് പി.ടി.തോമസിന്‍റെ സ്വകാര്യ ബില്ലുകൊണ്ടുണ്ടായ ഏക ആശ്വാസം.
ആലത്തൂര്‍ എം.എല്‍.എ കെ.ഡി.പ്രസേനന്‍ 2021ല്‍ നിയമസഭയില്‍ കൊണ്ടുവന്ന സ്വകാര്യ ബില്ലിന്‍റെ പേര് കേരള അന്ധവിശ്വാസ-അനാചാര നിര്‍മാര്‍ജന ബില്‍ എന്നായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി ശാസ്‌ത്രീയവും മാനുഷികവുമായ സാമൂഹിക വ്യവസ്ഥ ഉറപ്പാക്കുന്നതിനാണ് ബില്ല് എന്നാണ് പ്രസേനന്‍റെ ബില്ലിന്‍റെ ആമുഖത്തിലുള്ളത്.
ബില്ല് ഇപ്പോള്‍ സഭയുടെ പരിഗണനയിലാണെങ്കിലും എല്ലാ സ്വകാര്യ ബില്ലുകളുടെയും ഭാവി പോലെ തന്നെ ഈ ബില്ലിനും സ്വയം ചരമമടയാനായിരിക്കും വിധി. പി.ടി.തോമസിന്‍റെ ബില്ലിന്‍റെ കാര്യത്തിലെന്ന പോലെ കെ.ഡി.പ്രസേനനും നിയമമന്ത്രി പി.രാജീവില്‍ നിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. സമാനമായ നിയമം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. അങ്ങനെയെങ്കില്‍ ബില്ല് പിന്‍വലിക്കേണ്ടി വരുമെന്ന് അവതാരകനായ കെ.ഡി.പ്രസേനന്‍ തന്നെ കരുതുന്നു.
നിയമ പരിഷ്‌കാര കമ്മിഷന്‍റേയും ശുപാര്‍ശ: ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നിയമ പരിഷ്‌കാര കമ്മിഷനും ഇത്തരത്തില്‍ നിയമം നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത സര്‍ക്കാരിനു മുന്നില്‍ വച്ചിട്ടുണ്ട്. എന്നു മാത്രമല്ല അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്‌മ ചെയ്യുന്നതിനായി കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്‌ടീസസ് സോര്‍സെറി ആന്‍ഡ് ബ്ലാക്ക് മാജിക് ബില്‍ എന്ന ബില്ല് തയ്യാറാക്കി നിയമമന്ത്രി പി.രാജീവിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയുമാണ്.
നിയമ വകുപ്പിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും കടമ്പകളില്‍ തട്ടി ഈ കരടു ബില്ലും സെക്രട്ടേറിയറ്റ് ഫയലുകള്‍ക്കുള്ളില്‍ എവിടെയോ മിഴിയടച്ചിരിക്കുന്നു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ തടയാന്‍ നിയമം പര്യാപ്‌തമോ എന്ന വാദമുയരാമെങ്കിലും കേരളം പോലൊരു പരിഷ്‌കൃത സമൂഹത്തില്‍ ഇത്തരം അനാചാരങ്ങള്‍ക്കും അന്ധ വിശ്വാസങ്ങള്‍ക്കുമെതിരെ ഒരു നിയമ നിര്‍മ്മാണം അത്യാവശ്യമല്ലേ എന്ന ചോദ്യം പ്രസക്തമാണ്. ഒരു പരിധി വരെയെങ്കിലും ജനങ്ങളെ ഇത്തരം കാര്യങ്ങളില്‍ നിന്ന് നിയമം പിന്നോട്ടു വലിക്കും എന്നൊരു ധാരണ ഈ അവസരത്തില്‍ പൊതുവേ ശക്തമാകുന്നു.