കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലൂടെ ഇടതുപക്ഷത്തെത്തിയ പിസി ചാക്കോ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങളും അസ്വാരസ്യങ്ങളും കൃത്യമായി അറിയാവുന്ന ചാക്കോയെ ആ വിധത്തില്‍ തന്നെ പ്രയോജനപ്പെടുത്താനാകും എല്‍ഡിഎഫ് നീക്കം. എന്‍സിപിയില്‍ ചേര്‍ന്ന ശേഷം കൊച്ചിയിലെത്തിയ ചാക്കോയ്ക്ക് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എല്‍ഡിഎഫ് പ്രചാരണപരിപാടികളില്‍ ചാക്കോ പങ്കെടുക്കും.
കോങ്ങാട് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുയോഗത്തില്‍ സംസാരിക്കവെ ചാക്കോ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇടതുപക്ഷത്തെ ശത്രുവായി കാണുന്ന കോണ്‍ഗ്രസില്‍ തുടരാനാകില്ല. ഒരുപാട് പറയാനുണ്ട്. അതൊക്കെ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തും. കോണ്‍ഗ്രസിലെ ആഭ്യന്തര രഹസ്യങ്ങളും ഒത്തുതീര്‍പ്പുകളും ചാക്കോ തുറന്നുപറയുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിലെ വിഷയങ്ങളില്‍ ചാക്കോ നടത്തുന്ന ഓരോ പരാമര്‍ശവും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് ഇടതുമുന്നണി കരുതുന്നു. ചാക്കോ ഇടതുപക്ഷ വേദികളിലുണ്ടാകുമെന്ന പിണറായി വിജയന്‍റെ കോങ്ങാട്ടെ പരാമര്‍ശവും ഇത് സൂചിപ്പിക്കുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടാകുമെന്ന് ചാക്കോ പറയുന്നു. വരും ദിവസങ്ങളില്‍ അത് അദ്ദേഹത്തില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പിണറായി പറഞ്ഞു. പിസി ചാക്കോയുടെ എന്‍സിപി പ്രവേശനം യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കാന്‍ വഴിയില്ല. എങ്കിലും ചാക്കോയുടെ സാന്നിധ്യം രാഷ്ട്രീയ എതിരാളികളെ നാണം കെടുത്താന്‍ എല്‍ഡിഎഫിന് വീണ് കിട്ടിയ ആയുധമാണ്.
രണ്ട് ദിവസം മുമ്പ് രാഷ്ട്രീയ നിലപാട് മാറ്റം പ്രഖ്യാപിച്ച ചാക്കോ ഇടതുപക്ഷ മുന്നണിക്കായി ശക്തമായി പ്രചാരണം നടത്തുമെന്നാണ് കരുതുന്നത്. 74കാരനായ ചാക്കോ വളരെക്കാലമായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയാണെങ്കിലും 1991,1996,1998 വര്‍ഷങ്ങളില്‍ യഥാക്രമം തൃശൂര്‍, മുകുന്ദപുരം, ഇടുക്കി മണ്ഡലങ്ങളെ ലോക്സഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.
എന്‍സിപി പ്രവേശനം വീട്ടിലേക്കുള്ള മടക്കമെന്നാണ് ചാക്കോ വിശേഷിപ്പിച്ചതെങ്കിലും, ആഭ്യന്തര കലഹം മൂലം പാലാ എംഎല്‍എ മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ടതോടെ എന്‍സിപി രണ്ട് കഷ്ണമായിരിക്കുകയാണ്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് കാപ്പന്‍ യുഡിഎഫില്‍ ചേക്കേറിക്കഴിഞ്ഞു. പാര്‍ട്ടി അംഗത്വമെടുക്കണമെന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിര്‍ദേശം തള്ളിയാണ് കാപ്പന്‍റെ പാര്‍ട്ടി രൂപീകരണം. പാലാ സീറ്റും മറ്റ് രണ്ട് സീറ്റുകളും കാപ്പന്‍റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയ്ക്ക് യുഡിഎഫ് നല്‍കിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍സിപി നേതാവ് പ്രഭുല്‍ പട്ടേല്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയെങ്കിലും കാപ്പന്‍ മുന്നണി വിടുന്നത് തടയാനായില്ല.
മഹാരാഷ്ട്രയില്‍ അധികാരം പങ്കിടുന്ന എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ നടക്കുന്ന നിഴല്‍ യുദ്ധത്തിലേക്ക് വെളിച്ചം വീഴ്ത്തുന്നതാണ് ഇരും കയ്യും നീട്ടി ശരദ് പവാര്‍ ചാക്കോയെ സ്വീകരിച്ച നടപടി. ചാക്കോ ചുമതലയിലിരിക്കെ ഡല്‍ഹി കോണ്‍ഗ്രസ് നാമാവശേഷമായ രാഷ്ട്രീയ സാഹചര്യത്തോടെ അദ്ദേഹത്തിന്‍റെ ഗ്രാഫ് ഇടിഞ്ഞെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. ഡല്‍ഹി കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനത്തിന്‍റെ ഉത്തരവാദിത്തം മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്‍റെ തലയില്‍ വച്ചുകെട്ടാന്‍ ചാക്കോ നടത്തിയ ശ്രമങ്ങള്‍ ഹൈക്കമാന്‍ഡിനും അതൃപ്തി സൃഷ്ടിച്ചിരുന്നു. ചാക്കോയുടെ എന്‍സിപി പ്രവേശനം പ്രതീക്ഷിച്ചിരുന്നതാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്. 2019ല്‍ ഒറ്റ ലോക്സഭാ സീറ്റിലേക്കൊതുങ്ങിയ എല്‍ഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം നല്‍കുന്ന ആത്മവിശ്വാസത്തില്‍ തുടര്‍ഭരണ പ്രതീക്ഷയിലാണ്. 140 അംഗ നിയമസഭയിലേക്ക് ഏപ്രില്‍ ആറിന് ഒറ്റഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് ഫലം വരിക.