തിരുവനന്തപുരം : കയർ തൊഴിലാളി ആയിരിക്കെ പി കൃഷ്‌ണപിള്ളയിൽ നിന്നും ലഭിച്ച ആശയ പരിസരം ഉജ്വലമായ രാഷ്‌ട്രീയ പ്രവേശനത്തിന് കാരണമായി, കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി സിപിഎമ്മിന്‍റെ സമ്മുന്നതനായ നേതാവ് വിഎസ് അച്യുതാനന്ദൻ 100-ാം പിറന്നാളിന്‍റെ നിറവിലാണ്. ഈ വേളയിൽ വിഎസിനെ കുറിച്ചുള്ള പുസ്‌തകവുമായി എത്തുകയാണ് അദ്ദേഹത്തിന്‍റെ മുൻ പ്രസ് സെക്രട്ടറി കെ വി സുധാകരൻ. 'ഒരു സമര നൂറ്റാണ്ട്' എന്ന് പേരിട്ടിരിക്കുന്ന പുസ്‌തകം വിഎസിന്‍റെ നൂറാം പിറന്നാൾ ദിനമായ നാളെ (ഒക്‌ടോബർ 20) മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.
തിരുവനന്തപുരം അയങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ സിപിഎം മന്ത്രിമാരും നേതാക്കളുമടക്കം നിരവധി പേർ പങ്കെടുക്കും. പി കൃഷ്‌ണപിള്ളയിൽ നിന്നും ലഭിച്ച മൂല്യങ്ങൾ പിന്നീട് അദ്ദേഹം ജീവിതത്തിൽ ഒപ്പം കൂട്ടിയെന്നും പുസ്‌തകത്തിന്‍റെ രചയിതാവും മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണറും മാധ്യമ പ്രവർത്തകനുമായിരുന്ന കെ വി സുധാകരൻ ഇടിവി ഭാരതിനോട് പറഞ്ഞു. പുന്നപ്ര വയലാർ സമരാഹ്വാനത്തിന് ശേഷം ഒളിവിൽ പോയ വിഎസിനെ കോട്ടയം പൂഞ്ഞാറിൽ നിന്നുമാണ് പൊലീസ് പിടികൂടുന്നത്.
തുടർന്ന് പാലായിൽ എത്തിച്ച് ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി. കെട്ടിയിട്ട് കാലുകളിൽ ചൂരൽ കൊണ്ട് മർദിച്ച ശേഷം ബയണറ്റ് കുത്തി കയറ്റി. ചോരയൊലിപ്പിച്ച് ബോധരഹിതനായി കിടന്ന വിഎസ് മരിച്ചെന്ന് കരുതി ലോകപ്പിലുണ്ടായിരുന്ന കോലപ്പൻ എന്ന കള്ളനെ കൊണ്ട് വിഎസിനെ കുഴിച്ചിടാൻ പൊലീസ് കുഴിവെട്ടി. അനക്കം കണ്ട കോലപ്പനാണ് വിഎസിന് ശ്വാസമുണ്ടെന്ന് പൊലീസിനോട് പറയുന്നത്.
സ്വാതന്ത്ര്യാനന്തരം, സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം ലഭിച്ച് സജീവ രാഷ്‌ട്രീയത്തിലേക്ക് പിന്നീട് വിഎസ് എത്തി. 126 അംഗ നിയമസഭയിൽ 65 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരത്തിൽ വരുമ്പോൾ ഏറ്റവും കൂടുതൽ പ്രതിനിധികൾ ആലപ്പുഴ ഡിവിഷനിൽ നിന്നായിരുന്നു. ആലപ്പുഴ ഡിവിഷനിലെ പാർട്ടി സെക്രട്ടറിയായി അന്ന് പ്രവർത്തിച്ചിരുന്നത് വിഎസ് അച്യുതാനന്ദനാണ്.
പിന്നീട് ദേവികുളത്ത് റോസമ്മ പുന്നൂസിന്‍റെ പ്രാതിനിധ്യം റദ്ദാക്കപ്പെട്ട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും പാർട്ടി ചുമതലക്കാരനായി കണ്ടെത്തിയത് വിഎസിനെയാണ്. വിഎസിന്‍റെ സംഘടന പാടവം ഇതിലൂടെ വ്യക്തമാണ്. ജനകീയമായിരുന്നു ഏറെ പ്രസിദ്ധമായ വിഎസിന്‍റെ സംസാര ശൈലിയും. ഏത് വിഷയവും ഏറ്റവും സാധാരണക്കാരന്‍റെ മനസിൽ പതിയുന്ന വിധമുള്ള സംസാര ശൈലി. ആശയ വിനിമയത്തിന് സംസാരത്തോടൊപ്പം ശരീര ഭാഷയും അദ്ദേഹം ഉപയോഗിച്ചുവെന്നും കെ വി സുധാകരൻ പറഞ്ഞു.
2013 മുതൽ 2018 വരെയാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത്. എല്ലാ കാര്യത്തിലും വളരെ ശ്രദ്ധാലുവായ വിഎസ് അതിനായി ജീവിതം വളരെ ചിട്ടപ്പെടുത്തിയിരുന്നു. വ്യായാമവും ഭക്ഷണ രീതിയും ചിട്ടയോടെ അദ്ദേഹം പുലർത്തുമായിരുന്നു. മുൻകാലങ്ങളിൽ പുകവലിക്കുമായിരുന്ന വിഎസ് പിന്നീട് ചായയും കാപ്പിയും വരെ ഉപേക്ഷിച്ചു.
ആലോചിച്ച് ഉറപ്പിച്ച ശേഷമേ അദ്ദേഹം എന്തും പറയുകയുള്ളു. പറയാനുള്ളത് ആരോടും പറയാനുള്ള ആർജവവും കാണിക്കും. ശബ്‌ദത്തിലെ നീട്ടലും കുറുക്കലും കൊണ്ട് കേൾക്കുന്ന ആളിലേക്ക് ആശയം എറിഞ്ഞു പിടിപ്പിക്കുന്ന ആളായിരുന്നു. ഉപമകളും അലങ്കാര പ്രയോഗങ്ങളും സാന്ദർഭികമായി പറയാനുള്ള ശേഷിയും അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്. അതിനെ കുറിച്ച് ചോദിക്കുമ്പോൾ 40കളുടെ ആരംഭത്തിൽ തൊഴിലാളികളെ സംഘടിപ്പിക്കാൻ പോയപ്പോൾ ശീലിച്ച ശൈലിയാണെന്നായിരുന്നു മറുപടി.
ആവർത്തിച്ച് കാര്യങ്ങൾ പറയുന്ന രീതിയും ഇങ്ങനെയാണ് ശീലിച്ചത്. ഇന്നത്തെ യുവാക്കൾക്ക് വലിയ ആവേശം നൽകാൻ കഴിയുന്ന പാഠങ്ങൾ 'ഒരു സമര നൂറ്റാണ്ട്' എന്ന പുസ്‌തകത്തിലുണ്ടെന്നാണ് വിശ്വാസമെന്നും കെ വി സുധാകരൻ പറഞ്ഞു. സംഘർഷപരമായ അന്തരീക്ഷത്തിൽ ജനങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് ജനോപകാരപ്രദമായ രീതിയിൽ, എങ്ങനെ ആ സാമൂഹ്യ ജീവിതത്തെ മാറ്റിയെടുക്കാം, അതിന് എങ്ങനെ അധികാരികളോട് പൊരുതാം എന്നൊക്കെയുള്ള പാഠങ്ങൾ ഇതിൽ പരാമർശിക്കുന്നു. പുസ്‌തകത്തിന്‍റെ അവതാരികയിൽ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുതിയ തലമുറക്ക് കൂടി പാഠമാകേണ്ട കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥം എന്ന് പരാമർശിച്ചതായും കെ വി സുധാകരൻ പറഞ്ഞു.