ഹൈദരാബാദ്: നിരവധി വിവാഹങ്ങൾ നടക്കുന്ന സീസണാണ് വരാൻ പോകുന്നത്. ജീവിതകാലം മുഴുവൻ പരസ്‌പരം ഒപ്പം നിൽക്കാനും ഒരുമിച്ച് ജീവിക്കാനും പ്രതിജ്ഞയെടുത്ത് വിവാഹം കഴിക്കുന്ന ദമ്പതികൾ സുഗമമായ യാത്രയ്ക്കായി ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കിയെടുക്കുക എന്നതാണ്. തങ്ങൾക്കും കുട്ടികൾക്കും സന്തോഷകരമായ ജീവിതം ഉറപ്പാക്കാൻ ജീവിതത്തിൽ പുലർത്തേണ്ട സാമ്പത്തിക അച്ചടക്കങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
സംയുക്തമായി തീരുമാനങ്ങൾ എടുക്കുക: ദമ്പതികളായ ശേഷം പരസ്‌പരം സാമ്പത്തിക മുൻഗണനകൾ മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പട്ട കാര്യം. ആവശ്യങ്ങൾ മനസിലാക്കി സംയുക്ത തീരുമാനങ്ങളിൽ കൂടി ധാരണയിലെത്തുകയും തീരുമാനം എടുക്കുകയും ചെയ്യുക. ലക്ഷ്യങ്ങൾ കൈവരിക്കാൻ ഏറ്റവും നല്ല മാർഗം ഏതെന്ന് കണ്ടെത്തുക. യുവദമ്പതികൾക്ക് ദീർഘകാലത്തേക്ക് നിക്ഷേപിക്കാനുള്ള നിരവധി പദ്ധതികളുണ്ട്. ഇത് ശ്രദ്ധയോടെയും ആസൂത്രണത്തോടെയും ചെയ്‌താൽ, അവരുടെ ഭാവി ആവശ്യങ്ങൾക്കായി പണം സ്വരൂപിക്കാൻ സാധിക്കും.
ഉത്തരവാദിത്തങ്ങൾ പങ്കിടൽ: ഒരു സാമ്പത്തിക ലക്ഷ്യം കൈവരിക്കുമ്പോൾ, അത് എങ്ങനെ ആസൂത്രണം ചെയ്യുന്നു എന്നത് പ്രധാനമാണ്. ഹ്രസ്വകാല ലക്ഷ്യമാണോ ദീർഘകാല ലക്ഷ്യമാണോ എന്ന് ആദ്യം തീരുമാനിക്കണം. ദമ്പതികൾ ഇരുവരും ജോലി ചെയ്യുന്ന വ്യക്തികളാണെങ്കിൽ ലക്ഷ്യങ്ങൾ നേടാനും നിക്ഷേപങ്ങൾ നടത്താനും എളുപ്പമാണ്. പങ്കാളികളിൽ ഒരാൾ മാത്രമേ ജോലി ചെയ്യുന്നുള്ളൂവെങ്കിൽ, അവർ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ക്രമീകരിക്കേണ്ടിവരും. ലക്ഷ്യം മാത്രം പോരാ, അതിനായുള്ള ശ്രമവും ആവശ്യമുണ്ട്. അനാവശ്യ ചെലവുകൾ ഒഴിവാക്കി ലാഭം കണ്ടെത്താൻ പഠിക്കണം. കുടുംബത്തിലെ ഏക വരുമാനമുള്ള വ്യക്തി നിങ്ങളാണെങ്കിൽ പോലും, കൃത്യമായ ആസൂത്രണത്തോടെയും പങ്കാളിയുടെ പിന്തുണയോടെയും നിങ്ങൾക്ക് വലിയ ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടാനാകും എന്നത് മറക്കരുത്. ശരിയായ നിക്ഷേപ നയം പിന്തുടരാൻ ശ്രമിക്കുക.
ചിന്താപൂർവ്വം കടം വാങ്ങുക: കടം വാങ്ങുന്നത് തെറ്റായിരിക്കില്ല. പക്ഷേ, അത് എത്രമാത്രം ആവശ്യമാണ് എന്നതാണ് ഇവിടെ പ്രധാനം. ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങാൻ കടം വാങ്ങിയാൽ ആവശ്യമുള്ള സാധനങ്ങൾ വിൽക്കേണ്ടി വരും എന്ന തത്വം ഒരിക്കലും മറക്കരുത്. വായ്‌പ എടുത്താലും പലിശ കുറവാണെന്ന് ഉറപ്പാക്കണം. മൂല്യം കൂടുന്ന കാര്യങ്ങൾക്ക് മാത്രമേ വായ്‌പ എടുക്കാവൂ. ഇതിന് ഉദാഹരണമാണ് ഭവന വായ്‌പ. നിങ്ങൾ ദമ്പതികളായി ഭവനവായ്‌പ എടുക്കുകയാണെങ്കിൽ, നികുതി ലാഭിക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്. സാമ്പത്തികമായി പരസ്‌പരം മനസ്സിലാക്കാൻ ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് ഹിസ്റ്ററി റിപ്പോർട്ടുകളും പരിശോധിക്കുക. ഇരുവരും വ്യത്യസ്‌തമായ നിക്ഷേപങ്ങൾ നടത്തണം.
ദീർഘകാല പദ്ധതി: ഒരു സ്വപ്‌നം യാഥാർഥ്യമാക്കാൻ ഓരോ നിമിഷവും പരിശ്രമിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ കഷ്‌ടപ്പെട്ട് സമ്പാദിച്ച പണം സംരക്ഷിക്കുകയും നിങ്ങളുടെ നിക്ഷേപം വളർത്താൻ സഹായിക്കുകയും ചെയ്യുന്ന സ്‌കീമുകളെക്കുറിച്ച് വിശദമായി പഠിക്കണം. നിങ്ങളുടെ പ്രായവും പ്രതിരോധശേഷിയുമാണ് ഇവിടെ പ്രധാനം. പ്രാരംഭ ദിവസങ്ങളിൽ ഉയർന്ന നഷ്‌ടസാധ്യതയുണ്ടെങ്കിൽപ്പോലും, ഉയർന്ന വരുമാനം നൽകുന്ന സ്‌കീമുകൾ നിങ്ങൾ തിരഞ്ഞെടുക്കണം. കാലം കഴിയുന്തോറും നിക്ഷേപത്തെ സംരക്ഷിക്കുന്ന ഒന്നിലേക്ക് മാറണം. സാമ്പത്തിക ആസൂത്രണം ഒരു യാത്ര പോലെയാണ്. അത് ഒരു ദിവസം കൊണ്ട് അവസാനിക്കുന്നില്ല.
വരുമാനം നേടുന്നയാൾ: കുടുംബത്തിലെ വരുമാനക്കാരന്‍റെ പേരിൽ ഒരു ഇൻഷുറൻസ് പോളിസി എടുക്കണം. അപ്രതീക്ഷിത സംഭവങ്ങളിൽ ഇത് കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്ക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഒരു സമ്പാദ്യ പദ്ധതിയായും ഇൻഷുറൻസ് പോളിസി ഉപയോഗിക്കാം. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ നിഷേധിക്കാനാവാത്ത ആവശ്യമാണ്. നിങ്ങൾ ദമ്പതികളാകുന്ന ഉടൻ, ഒരു ജോയിന്‍റ് ഫാമിലി ഫ്ലോട്ടർ ഹെൽത്ത് പോളിസി എടുക്കുന്നതാണ് നല്ലത്.