ഹാലിഫാക്‌സ് (കാനഡ): കൗമാര പ്രായക്കാരില്‍ മുൻപില്ലാത്ത വിധം വിഷാദവും ആത്മഹത്യ പ്രവണതയും ഉത്കണ്‌ഠയും ഏകാന്തതയും കൂടിവരികയാണെന്ന് പഠനം. 2000കളുടെ തുടക്കം മുതൽ കൗമാരക്കാർക്കിടയിലെ വിഷാദ നിരക്ക് വർദ്ധിച്ചുവരികയാണ് എന്നാണ് പഠനങ്ങൾ. ഡൽഹൗസി യൂണിവേഴ്‌സിറ്റി പ്രൊഫസർ സൈമൺ ഷെറിയാണ് പഠന വിവരം പുറത്തുവിട്ടത്.
2018 ലെ ഒരു ദേശീയ സർവേയിൽ യുഎസിലെ 13.3 ശതമാനം കൗമാരക്കാരും വിഷാദരോഗം അനുഭവിക്കുന്നതായി കണ്ടെത്തി. കൗമാരക്കാർക്കിടയിൽ മാത്രമല്ല യുവാക്കളും ഈ ദുരിതം അനുഭവിക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റി കൗൺസിലിംഗ് സെന്‍ററുകളിൽ 2016ൽ നടത്തിയ ഒരു അന്താരാഷ്‌ട്ര സർവേയിൽ 50 ശതമാനം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും ഉത്കണ്‌ഠയ്ക്കും 41 ശതമാനം വിഷാദത്തിനും മെഡിക്കൽ സഹായം തേടിയിരുന്നു. ഇത്തരക്കാർക്കിടയിൽ ആത്മഹത്യ നിരക്കും വർധിക്കുന്നുണ്ട്. 2000-നും 2015-നും ഇടയിൽ ആത്മഹത്യ ചെയ്‌ത യുഎസിലെ കൗമാരക്കാരായ പെൺകുട്ടികളുടെ എണ്ണവും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയായിട്ടുണ്ട്.
കനേഡിയൻ യുവാക്കളുടെ മാനസികാരോഗ്യ സ്ഥിതിവിവരക്കണക്കുകളും സമാനമായി ഭയാനകരമാണ്. 2003ൽ, 15-30 വയസ് പ്രായമുള്ള കനേഡിയൻമാരിൽ 24 ശതമാനം പേരും തങ്ങളുടെ മാനസികാരോഗ്യം മികച്ചതല്ല എന്ന് പറഞ്ഞിരുന്നു. ഈ കണക്ക് 2019 ആയപ്പോഴേക്കും 40 ശതമാനമായി ഉയർന്നു. അതിനൊപ്പം കൊവിഡ് കനേഡിയൻ യുവാക്കളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
2020-ൽ, 15-24 വയസ് പ്രായമുള്ള കനേഡിയൻമാരിൽ 58 ശതമാനം പേരും തങ്ങൾ മാനസികമായി അരക്ഷിതാവസ്ഥ നേരിടുന്നുണ്ട് എന്ന് പറയുന്നു. യുവാക്കൾക്കിടയിലെ ഈ മോശം മാനസികാരോഗ്യമുണ്ടാകാനായി കഴിഞ്ഞ ഒരു ദശകത്തിൽ എന്താണ് മാറിയത് എന്ന് പരിശോധിക്കേണ്ടതുണ്ട്.
കുട്ടികളുടെ സുരക്ഷ ക്രമീകരണങ്ങളിൽ വന്ന മാറ്റങ്ങൾ: മുൻ ദശകങ്ങളിൽ, കുറ്റകൃത്യങ്ങളുടെ നിരക്ക് വർദ്ധിക്കുന്നുണ്ടെങ്കിലും, അമേരിക്കൻ, കനേഡിയൻ കുട്ടികൾ കൂടുതൽ സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നു. കാനഡയിലെ ക്രൈം നിരക്ക് 1990കളുടെ തുടക്കത്തിൽ ഉയർന്നിരുന്നു. രക്ഷിതാക്കളുടെ മനോഭാവത്തിൽ ഇത് മാറ്റങ്ങൾ ഉണ്ടാക്കുകയും കുട്ടികളുടെ സുരക്ഷക്കായി കൂടുതൽ കാര്യങ്ങൾ ആസൂത്രണം ചെയ്യാനും ആരംഭിച്ചു. ഇവിടെയാണ് അമിത ജാഗ്രതയുടെ പ്രശ്‌നം ആരംഭിക്കുന്നത്.
സുരക്ഷിതത്വമെന്ന ആശയം കുട്ടികളുടെ ശാരീരിക സുരക്ഷയ്ക്കപ്പുറം വൈകാരികവും മാനസികവുമായി ബാധിക്കാൻ തുടങ്ങി. മാതാപിതാക്കളുടെ അമിത സംരക്ഷണം കുട്ടികളിൽ അനാരോഗ്യകരമായ ചിന്തകൾ വർധിപ്പിച്ചു. അമിതമായി സംരക്ഷിക്കപ്പെടുന്ന കുട്ടികൾ പ്രശ്‌നങ്ങളെ ആന്തരികവൽക്കരിക്കാനും (ഉത്കണ്ഠയും വിഷാദവും പോലെ) അവയെ ബാഹ്യമാക്കാനും (കുറ്റകൃത്യമോ ധിക്കാരമോ ലഹരിവസ്തുക്കളോ ദുരുപയോഗം ചെയ്യുന്നതുപോലെ) കൂടുതൽ സാധ്യതയുണ്ട് എന്ന് മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
സഹായകരമല്ലാത്ത ചിന്താരീതികൾ: നിങ്ങളിലും നിങ്ങളുടെ കുട്ടികളിലും നിരീക്ഷിക്കേണ്ട മൂന്ന് അനാരോഗ്യകരമായ ചിന്താ രീതികൾ ഇതൊക്കെയാണ്.
1. നെഗറ്റീവ് ഫിൽട്ടറിംഗ് തിരിച്ചറിയുക: നിഷേധാത്മകമായ പ്രത്യാഘാതങ്ങൾ പരിഗണിച്ച് കുട്ടികൾ തമ്മിലുള്ള കളികൾ ഒഴിവാക്കരുത്. സന്തോഷം, സ്വാതന്ത്ര്യം, പ്രശ്‌നപരിഹാരം, അപകടസാധ്യത വിലയിരുത്തൽ, പ്രതിരോധശേഷി എന്നിവയൊക്കെ ആർജിക്കാൻ കളികൾ സഹായിക്കും. അത്തരത്തിൽ പ്രതികൂല അവസ്ഥകളിൽ കൂടിയും കടന്ന് പോകാൻ സാധിക്കണം
2. ദ്വന്ദ്വചിന്തയെക്കുറിച്ച് അറിഞ്ഞിരിക്കുക: നല്ലതോ ചീത്തയോ ആയ കെണിയിൽ വീഴരുത്. നിരവധി സാധ്യതകളുടെ ഒരു ലോകമാണിത്. ആളുകളെയോ ആശയങ്ങളെയോ സ്ഥലങ്ങളെയോ സാഹചര്യങ്ങളെയോ ഒന്നുകിൽ നല്ലതോ ചീത്തയോ ആയി മാത്രം കണക്കാക്കാൻ പാടില്ല.
3. വൈകാരിക യുക്തി തിരിച്ചറിയുക: സുരക്ഷിതമല്ലാത്തതായി തോന്നുന്നത് (അസുഖകരമോ ഉത്കണ്ഠയോ) നിങ്ങൾ യഥാർത്ഥത്തിൽ ശാരീരികമായി സുരക്ഷിതരല്ലെന്ന് അർത്ഥമാക്കുന്നില്ല. നിങ്ങൾ എല്ലാ സമ്മർദ്ദങ്ങളും ഒഴിവാക്കുകയാണെങ്കിൽ, സമ്മർദ്ദങ്ങളെ മറികടക്കാനോ നിങ്ങളുടെ മുഴുവൻ കഴിവുകളും മനസിലാക്കാനോ നിങ്ങൾ ഒരിക്കലും പഠിക്കില്ല. തടസങ്ങൾ ഒന്നും തന്നെ അഭിമുഖീകരിക്കാതെ പോയാൽ നമ്മൾ ദുർബലർ ആണെന്ന ചിന്ത നമ്മളിൽ ഉണ്ടാക്കാം.
സഹായകരമായ ചിന്ത രീതികൾ: പോസിറ്റീവ് ചിന്താഗതികൾ നമ്മിൽത്തന്നെ വളർത്തിയെടുക്കണം. നിരാശ, സംഘർഷം, വിരസത തുടങ്ങിയ നിഷേധാത്മക അനുഭവങ്ങൾ മറികടക്കാൻ കുട്ടികൾ പരിശീലിക്കണം. വ്യക്തി എന്ന നിലയിൽ അതിജീവിക്കാൻ ഇത് അത്യാവശ്യമാണ്.
നിങ്ങൾ നിങ്ങളുടെ മനസ്സ് ശ്രദ്ധിക്കുക. നിങ്ങളുടെ ചിന്തകൾ ശക്തമാണ്. നിങ്ങൾ ലോകത്തെയും മറ്റുള്ളവരെയും നിങ്ങളെയും എങ്ങനെ കാണണമെന്നതിന് യുക്തിസഹമായ ചിന്താരീതികൾ വളർത്തുക. നിങ്ങളുടെ വിയോജിപ്പ് പറയുക. ജീവിതത്തിന്‍റെ എല്ലാ വശങ്ങളും, അമിതമായ വികാരഭരിതരാകാതെ, ഫലപ്രദവും മാന്യവും ഉൽപ്പാദനപരവുമായ രീതിയിൽ വിനിയോഗിക്കാൻ നമുക്ക് സാധിക്കണം. ജീവിതം സുരക്ഷിതമോ അപകടരഹിതമോ അല്ല. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ കഴിയുമെന്ന അറിവാണ് ഏറ്റവും മികച്ച സംരക്ഷണം.