ഹൈദരബാദ്: 2020-ല്‍ ആഗോള തലത്തില്‍ വന്‍ തോതില്‍ മാനുഷിക വേദനകളും നിര്‍ണ്ണായകമാം വിധമുള്ള ജീവനഷ്ടങ്ങളുമാണ് കൊവിഡ് മഹാമാരി അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ സാമ്പത്തിക മേഖലയിലുണ്ടായ അനിതര സാധാരണമായ തകര്‍ച്ചയും ദേശീയ സമ്പദ് വ്യവസ്ഥകള്‍ ചുരുങ്ങിയതും നയരൂപീകരണ വിദഗ്‌ദർക്ക് വലിയ വെല്ലുവിളികളാണ് വരുത്തിവെച്ചത്. അതീവ ഗുരുതരമായ സാമ്പത്തിക പരിമിതികളില്‍ നിന്നുകൊണ്ടു വേണം അവര്‍ക്ക് ഈ പ്രതിസന്ധിയില്‍ നിന്നും പുറത്തേക്ക് കടക്കാനുള്ള വേഗത കുറഞ്ഞ വഴി വെട്ടിതുറക്കുവാന്‍.
ഇത്തരം ഒരു പശ്ചാത്തലത്തില്‍ ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച അവതരിപ്പിച്ച ഇന്ത്യയുടെ വാര്‍ഷിക ബജറ്റില്‍ പൊതു ജനാരോഗ്യ, ക്ഷേമ മേഖലകളില്‍ ഒഴികെയുള്ള മിക്കവാറും മറ്റെല്ലാ മേഖലകളിലും “മുണ്ടുമുറുക്കി ഉടുക്കലിന്‍റെ” ലക്ഷണങ്ങളൊക്കെയും പ്രതിഫലിക്കുകയുണ്ടായി.
പ്രതീക്ഷിച്ചപോലെ പൊതു ജനാരോഗ്യ പരിപാലന സംവിധാനങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കും വേണ്ടിയാണ് ഏറ്റവും കൂടുതല്‍ തുക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ചെലവായ 223846 കോടി രൂപയില്‍ പ്രതിരോധ കുത്തിവെയ്പ്പിന് മാത്രമായി 35000 കോടി രൂപ നീക്കി വെച്ചിരിക്കുന്നു എന്നത് കഴിഞ്ഞ വര്‍ഷത്തെ വകയിരുത്തലിനേക്കാള്‍ 137 ശതമാനം വര്‍ദ്ധനയാണെന്നുള്ളത് തീര്‍ച്ചയായും സ്വാഗതാര്‍ഹം തന്നെ. ലോകം ഇപ്പോഴും കൊവിഡിന് ശേഷമുള്ള ഘട്ടത്തിലേക്ക് കടന്നിട്ടില്ല എന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. സുരക്ഷിതമായ ഒരു ഘട്ടത്തിലേക്കുള്ള പരിണാമത്തിന് ഇനിയും ഒരുപക്ഷെ ഒന്നോ രണ്ടോ വര്‍ഷം കൂടി വേണ്ടി വന്നേക്കും.
“മനുഷ്യ സുരക്ഷ” അല്ലെങ്കില്‍ ചാണക്യന്‍റെ അര്‍ത്ഥശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്ന പൗരാണിക ഇന്ത്യന്‍ വര്‍ണനയായ “യോഗക്ഷേമം” തീര്‍ച്ചയായും വളരെ ഉയര്‍ന്ന പരിഗണന ലഭിക്കേണ്ട കാര്യം തന്നെയാണ്. അതേ സമയം തന്നെ നമ്മുടെ പരമാധികാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന ദേശീയ സുരക്ഷയും തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം തുല്യമാംവിധം പരിഗണന നൽകേണ്ട ഒരു ഉത്തരവാദിത്തമാണ്. മാത്രമല്ല 2020 വേനല്‍ക്കാലം മുതല്‍ നിയന്ത്രണ രേഖയിലെ (എല്‍എസി) ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരിക്കുന്ന സ്ഥിതി വിശേഷത്തില്‍ മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അത് വളരെ അടിയന്തിരമായ കാര്യവുമാണ്.
അതിനാല്‍ പ്രതിരോധ മേഖലക്ക് എത്ര നീക്കി വെക്കും ഈ വര്‍ഷം എന്നുള്ള കാര്യം വളരെ ഏറെ പ്രതീക്ഷയോടെ നോക്കി കണ്ടിരുന്ന ഒന്നാണെങ്കിലും അല്‍ഭുതങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. മൊത്തത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധന തരക്കേടില്ല എന്നു മാത്രം പറയാം. മുന്‍ ധനകാര്യ വര്‍ഷത്തിലെ പുതുക്കിയ ചെലവിടലായ 471000 കോടി രൂപ എന്നുള്ളതില്‍ നിന്നും 478000 കോടി രൂപ എന്ന നിലയിലേക്ക് പ്രതിരോധ ബജറ്റ് വര്‍ദ്ധിച്ചിരിക്കുന്നു. 2021-22 ബജറ്റില്‍ ചെലവിടേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്ന തുകയാണിത്. നിലവിലെ വിനിമയ നിരക്ക് വെച്ചു നോക്കുമ്പോള്‍ ഇത് ഏതാണ്ട് 65.48 ദശലക്ഷം യു എസ് ഡോളര്‍ വരുന്നു.
മുന്‍ വര്‍ഷത്തെ പുതുക്കി നിശ്ചയിച്ച വകയിരുത്തലില്‍ നിന്നുള്ള വര്‍ദ്ധന 1.48 ശതമാനം എന്ന മിതമായ തോത് മാത്രമാകുന്നു. നിലവിലെ ധനകാര്യ വര്‍ഷത്തില്‍ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്ന ജിഡിപിയുടെ 1.63 ശതമാനമാണ് ഈ വകയിരുത്തല്‍ എന്ന് കണക്കാക്കപ്പെടുന്നു. 2011-12 കാലഘട്ടത്തിലെ ജിഡിപിയുടെ രണ്ട് ശതമാനം എന്ന നിലയില്‍ നിന്നും പ്രതിരോധ വകയിരുത്തല്‍ പടിപടിയായി കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. വിശ്വസനീയമായ ഒരു ഇന്ത്യന്‍ സൈനിക കരുത്തിനെ ലാഭകരവും ഫലപ്രദവുമായ തരത്തില്‍ വളര്‍ത്തി വലുതാക്കി എടുക്കുവാന്‍ ഈ തുക മൂന്ന് ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിക്കേണ്ടതാണ് എന്നാണ് പക്ഷേ പ്രൊഫഷണല്‍ ശുപാര്‍ശകള്‍ ചെയ്യുന്നത്.
നിലവിൽ ഇന്ത്യ കൈകാര്യം ചെയ്യേണ്ട വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ പ്രതിരോധ മേഖല മുന്‍ കാലങ്ങളിലേക്കാള്‍ കൂടുതല്‍ മുണ്ടു മുറുക്കി ഉടുക്കേണ്ട ഒരു അവസ്ഥയാണെന്ന് വളരെ വ്യക്തമാണ്. ചൈനയില്‍ നിന്നുള്ള വലിയ വെല്ലുവിളി നേരിടുമ്പോള്‍ പോലും ഇതാണ് അവസ്ഥ.
ഇനി പ്രതിരോധ മേഖലയിലെ തന്നെ വിവിധ കാര്യങ്ങള്‍ക്ക് വേണ്ടി ക്രമീകരിച്ചിരിക്കുന്ന കണക്കുകള്‍ കൂടുതല്‍ കഥ പറയുന്നവയാണെന്ന് കാണാം. മൊത്തത്തില്‍ വകയിരുത്തിയിരിക്കുന്ന 478000 കോടി രൂപയില്‍ 116000 കോടി രൂപ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിയുള്ളതും ബാക്കിയുള്ള 362000 കോടി രൂപ വിവിധ സൈനിക സേനകള്‍ക്കായുള്ളതുമാണ്. കഴിഞ്ഞ വര്‍ഷത്ത കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സൈനിക സേവനങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുന്ന തുക കുറെകൂടി കരുത്തുറ്റത് തന്നെയാണ്. കാരണം ധനമന്ത്രാലയത്തിനും അതിന്‍റെ വിവിധ വകുപ്പുകള്‍ക്കും കൂടി ചേർത്ത് കഴിഞ്ഞ വര്‍ഷം മൊത്തം 337000 കോടി രൂപ വകയിരുത്തിയത് ഇത്തവണ 362000 കോടി ആയിരിക്കുന്നു.
2021-22 ധനകാര്യ വര്‍ഷത്തേക്കുള്ള പ്രതിരോധ വകയിരുത്തലിന്‍റെ മൂലധന ക്രമീകരണം 135000 കോടി രൂപയാണ്. ഉപകരണങ്ങളുടെ ആധുനിക വല്‍ക്കരണവും, ടാങ്കുകള്‍, കപ്പലുകള്‍, വിമാനങ്ങള്‍ തുടങ്ങിയ പ്രതിരോധ ആയുധ കോപ്പുകൾ വാങ്ങുന്നതും നടപ്പില്‍ വരുന്ന ബജറ്ററി ഹെഡിന് കീഴിലുള്ളതാണിത്. ഗല്‍വാനിലെ ഭീതി നിലനിന്നിരുന്ന കഴിഞ്ഞ വര്‍ഷത്തെ ഉപകഥ സൂചിപ്പിക്കുന്നത് പുതുക്കിയ മൂലധന ചെലവിടല്‍ 134510 കോടി രൂപയായിരുന്നു എന്നാണ്. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ പുതുക്കിയ ചെലവിടലില്‍ നിന്നുള്ള ഈ വര്‍ഷത്തെ ബജറ്റ് മൂലധന വകയിരുത്തല്‍ വര്‍ദ്ധന 500 കോടി രൂപ എന്ന ഒരു തരക്കേടില്ലാത്ത തുക മാത്രമാകുന്നു.
കഴിഞ്ഞ ധനകാര്യ വര്‍ഷത്തെ മൂലധന ഘടകങ്ങളുടെ ബജറ്റ് എസ്റ്റിമേറ്റ് 114000 കോടി എന്നായിരുന്നു കണക്കാക്കിയിരുന്നത്. അതിനാല്‍ ബജറ്റിലെ ചെലവിടല്‍ എന്ന നിലയില്‍ ഇതിനെ കാണുമ്പോള്‍ 21000 കോടി രൂപ വര്‍ദ്ധന എന്നുള്ളത് സ്വാഗതാര്‍ഹമാണ്. കാരണം 19 ശതമാനം വര്‍ദ്ധനയാണ് ഇത് കാട്ടുന്നത്. എന്നിരുന്നാലും കൂടുതല്‍ വിശ്വസനീയമായ താരതമ്യം കഴിഞ്ഞ വര്‍ഷത്തെ പുതുക്കിയ ചെലവിടലിൽ നിന്നും ഈ വര്‍ഷത്തെ ബജറ്റ് വകയിരുത്തൽ 500 കോടി രൂപ എന്ന തരക്കേടില്ലാത്ത ഒരു തുക വർദ്ധന അല്ലെങ്കില്‍ 0.5 ശതമാനത്തില്‍ കുറവ് വർദ്ധന എന്നുള്ളതാണ്.
സൈന്യത്തിന്‍റെ ആയുധബലം വളരെ അധികം കുറഞ്ഞ ഒരു അവസ്ഥയിലാണ്. ഇതിനൊരു പരിഹാരം എന്ന നിലയില്‍ വന്‍ തോതില്‍ പണം ആവശ്യമാണ്. കഴിഞ്ഞ ധനകാര്യ വര്‍ഷത്തില്‍ പുതുക്കിയ മൂലധന ചെലവ് (ചെലവിട്ട യഥാര്‍ത്ഥ തുക) കരസേന - 33213 കോടി രൂപ, നാവികസേന - 37542 കോടി രൂപ, വ്യോമസേന - 55055 കോടി രൂപ എന്നിങ്ങനെയാണ്. നിലവിലെ ധനകാര്യ വര്‍ഷത്തില്‍ അതായത് 2021-22-ല്‍ കരസേനക്കുള്ള മൂലധന ബജറ്റ് വകയിരുത്തല്‍ - 36482 കോടി രൂപയാണ്, നാവികസേനക്ക് 33254 കോടി രൂപയും, വ്യോമസേനക്ക് 53215 കോടി രൂപയും.
ചുരുക്കത്തില്‍ പറഞ്ഞാല്‍ നിലവിലെ ബജറ്റ് വകയിരുത്തലും ഉന്നത പ്രതിരോധ സംവിധാനങ്ങള്‍ നടത്താന്‍ പോകുന്ന വാങ്ങല്‍ ആസൂത്രണങ്ങളും സൂചിപ്പിക്കുന്നത് നിലവിലുള്ള സുരക്ഷാ വെല്ലുവിളികളുടേയും (ചൈനയുമായുള്ള സംഘര്‍ഷഭരിതമായ നിയന്ത്രണ രേഖ) അതുമായി ബന്ധപ്പെട്ട രണ്ട് മുന്നണി അടിയന്തര ഘട്ടങ്ങളും കണക്കിലെടുത്ത് ഇത്തവണ പരിഗണന നല്‍കിയിരിക്കുന്നത് കരസേനക്കാണ് എന്നാണ്. അതിനാല്‍ കരസേനക്ക് വകയിരുത്തിയിരിക്കുന്ന മൂലധനം വര്‍ദ്ധിപ്പിച്ചപ്പോള്‍ (3269 കോടി രൂപയായി) നാവികസേനയുടേയും വ്യോമസേനയുടേയും മൂലധന വകയിരുത്തല്‍ കുറച്ചു.
ഇതിനെ തുടര്‍ന്നുണ്ടാകുന്ന ഒരു വിലയിരുത്തല്‍ എന്താണെന്നുവെച്ചാല്‍ ഇന്ത്യയുടെ ഉന്നത പ്രതിരോധ മാനേജ്‌മെന്‍റ് ഈ വര്‍ഷം നാവികസേനയും വ്യോമസേനയും ഉള്‍പ്പെടുന്ന അതിര്‍ത്തി കടന്ന് പ്രവര്‍ത്തിക്കേണ്ട സൈനിക ശക്തി വര്‍ദ്ധിപ്പിക്കല്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുന്നു എന്നാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരുത്തുറ്റ രീതിയില്‍ തിരിച്ചു വന്നാല്‍ അടുത്ത വര്‍ഷം ഈ രീതിക്ക് ഒരു മാറ്റമുണ്ടാവാം എന്ന് പ്രതീക്ഷിക്കാം.
സൈന്യത്തെ ആധുനിക വല്‍ക്കരിക്കാൻ ആവശ്യമായ പണം ലഭ്യമാക്കുക എന്നുള്ളത് ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം സങ്കീര്‍ണ്ണമായ വെല്ലുവിളി തന്നെയാണ്. ഇനി ഇവിടെ നടത്തുന്നത് അത്ര ശുഭകരമായ ഒരു താരതമ്യമല്ല. നിലവിലുള്ള തരത്തില്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് വകയിരുത്തല്‍ ജിഡിപിയുടെ ശതമാന കണക്കില്‍ നോക്കുമ്പോള്‍ ഏറ്റവും കുറവായി കണ്ടത് ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്. 1962 ഒക്‌ടോബറില്‍ ഇന്ത്യ കനത്ത സൈനിക തിരിച്ചടി ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. ചരിത്രം ഒരുപക്ഷെ അതേ പോലെ ആവര്‍ത്തിച്ചേക്കില്ല. പക്ഷെ അതിന്‍റെ അനുരണനങ്ങള്‍ ഒരുപക്ഷെ സൂക്ഷ്മബുദ്ധിയോടെ മുന്‍ കൂട്ടി തന്നെ അറിയേണ്ടതുണ്ട്.