തണുത്ത കാലാവസ്ഥയിൽ പുതച്ചുമൂടി കിടക്കാൻ തന്നെയാണ് എല്ലാവർക്കും താത്‌പര്യം. എന്നാൽ നല്ല തണുത്ത കാലാവസ്ഥയുള്ള ദിവസങ്ങളിൽ ഒരു മഴ കൂടി പെയ്‌താൽ അന്തരീക്ഷമർദം അതിവേഗത്തിൽ താഴ്‌ന്ന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഇത്തരം അവസരങ്ങളിൽ ഓക്‌സിജന്‍റെ അളവ് കുറയുന്നതാണ് ബുദ്ധിമുട്ടുകൾ നേരിടാനുള്ള പ്രധാന കാരണം.
ക്ഷീണം നല്ലപോലെ അനുഭവപ്പെടുന്ന ഈ സമയത്ത് വീടിനകത്ത് ഒതുങ്ങികൂടിയിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടത് കാലാവസ്ഥയോട് പൊരുത്തപ്പെടാനുള്ള ഉപാധികളാണ്. അൽപം ചൂട്, നല്ല ഭക്ഷണം, പ്രിയപ്പെട്ട പുസ്‌തകങ്ങൾ തുടങ്ങി ആത്മാവിനെയും ആരോഗ്യത്തെയും ഒരുപോലെ ശമിപ്പിക്കുന്നതാണ് നമ്മൾ അന്വേഷിക്കുക. ഈ സീസണിൽ ചുമയും ജലദോഷവും പിടിപെടുന്നത് സാധാരണമായതിനാൽ ആരോഗ്യവും പ്രത്യേകമായി തന്നെ ശ്രദ്ധിക്കേണ്ടതായുണ്ട്. ആയതിനാൽ ഫിറ്റ്നസ് പ്രേമികൾക്ക് കൂടി ഉതകുന്ന ആരോഗ്യകരമായ ചില പൊടികൈകൾ അറിയാം..
ഇഞ്ചി ചായ: മഴയും തണുപ്പും ഒരുമിച്ച് ആക്രമിക്കുമ്പോൾ പ്രതിരോധ മാർഗങ്ങളിൽ ഏറ്റവും മികച്ചതാണ് ഇഞ്ചി ചായ. ഇഞ്ചിയുടെ സുഗന്ധം മനസിന് ഉന്മേഷം നൽകും. അൽപം ഏലയ്‌ക്ക കൂടി ചേർക്കുന്നത് കൂടുതൽ നല്ലതാണ്.
ചൂടുള്ള സൂപ്പ്: സൂപ്പ് എല്ലാവർക്കും ഇഷ്‌ടമുള്ള ഒന്നല്ല. എന്നാൽ ഇത്തരം സീസണുകളിൽ സൂപ്പ് അവഗണിക്കാൻ കഴിയില്ല. തക്കാളി, ചിക്കൻ അല്ലെങ്കിൽ വെജ് സൂപ്പ്, രോഗങ്ങളെ അകറ്റി നിർത്തും.
ചൂടുള്ള ഭക്ഷണം: തണുപ്പ് കൂടുതലുള്ള കാലാവസ്ഥയിൽ അസുഖങ്ങൾ അകറ്റി നിർത്താൻ ചൂടുള്ള ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. മുട്ട, റൊട്ടി, ഗോതമ്പ് എന്നിവ ഉപയോഗിച്ച് രുചികരമായ പ്രഭാതഭക്ഷണം ഉണ്ടാക്കുക. എല്ലാ സമയത്തും ചൂടുള്ള ഭക്ഷണം തന്നെ കഴിക്കാൻ ശ്രദ്ധിക്കുക.
തീ കായുക: ഇത്തരം കാലാവസ്ഥകളിൽ തീ കായുന്നത് ഒരു സാധാരണ സംഭവമാണ്. വീടിന് പുറത്താണെങ്കിലും തെരുകളിലാണെങ്കിലും ഉണങ്ങിയ വിറകുകൾ മാത്രം ഉപയോഗിക്കുക.
ചൂട് വെള്ളത്തിലുള്ള കുളി: തണുപ്പ് കൂടുതലുള്ള കാലാവസ്ഥയിൽ ചൂടുവെള്ളത്തിൽ കുളിക്കുന്നത് ആശ്വാസകരമാകും. ചെറു ചൂടോടെയുള്ള വെള്ളമാണ് ഉപയോഗിക്കേണ്ടത്.