ചണ്ഡിഗഡ് : വിവരണാതീതമാണ് ഇത്തവണ പഞ്ചാബ് രാഷ്ട്രീയം. പഞ്ചനദികളുടെ നാട്ടില്‍ ജനവിധി കൂട്ടുകക്ഷി മന്ത്രിസഭയ്‌ക്ക് കളമൊരുക്കുമോയെന്നാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്. തെരഞ്ഞടുപ്പിന് ഏറെ നാള്‍ മുമ്പ് തന്നെ പഞ്ചാബില്‍ സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.കൂടെ പടലപ്പിണക്കങ്ങളും കൂറുമാറ്റങ്ങളും.
117 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് അതിനാല്‍ തന്നെ രാഷ്ട്രീയ നിരീക്ഷകരുടെ എല്ലാ സമവാക്യങ്ങള്‍ക്കും അതീതമാണ്. എങ്കിലും സഖ്യ സര്‍ക്കാര്‍ എന്ന് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏകദേശം ഉറപ്പിച്ച മട്ടാണ്. അതിനാല്‍ തന്നെ സംസ്ഥാനത്ത് ഒരു "മൂന്നാം മുന്നണി" നിര്‍ണായകമാകും എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
ചര്‍ച്ചകളുമായി ബിജെപി
അകാലിദളും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബി.എസ്.പി)യും ബിജെപിയുമായി ആദ്യ വട്ട ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം. ഭരണം പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ബിജെപി ആകട്ടെ കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ പുതുതായി രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസുമായും അകാലിദൾ യുണൈറ്റഡുമായും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യതീരുമാനത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തിരികൂടി കടന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഇത്തവണ ഒറ്റക്കാണ് രംഗത്ത് എത്തിയത്.
സഖ്യചരിത്രമിങ്ങനെ
സ്വാതന്ത്ര്യാനന്തരം ഹിന്ദുത്വ പാർട്ടിയായ ഭാരതീയ ജനസംഘം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(സിപിഐ) യുമായി ചേര്‍ന്ന് സംസ്ഥാനം ഭരിച്ചിരുന്നു. അകാലിദളും സിപിഐയുമായും സഖ്യമുണ്ടാക്കി. പഞ്ചാബിൽ അധികാരത്തിനായി കൂട്ടുകെട്ടുകളുണ്ടാക്കുന്നതിന്‍റെ ചരിത്രം സ്വാതന്ത്ര്യത്തിന് മുമ്പ് തുടങ്ങിയതാണ്. 1946-ൽ പഞ്ചാബ് നിയമസഭയിൽ മുസ്ലിം ലീഗ് 79 സീറ്റുകൾ നേടിയിരുന്നു. എന്നാല്‍ അന്ന് 79 സീറ്റെന്നത് ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയുന്നതായിരുന്നില്ല. ഇതോടെ 10 സീറ്റില്‍ വിജയിച്ച എതിരാളികളായ യൂണിയനിസ്റ്റുകൾക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചു.
സ്വാതന്ത്ര്യാനന്തരം പഞ്ചാബിൽ അധികാരത്തിന്‍റെ താക്കോൽ കോൺഗ്രസിനാണ് ലഭിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ പഴയ പട്യാല, ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ്സ് യൂണിയൻ (PEPSU) നേതാവായ ഗിയാൻ സിംഗ് റഡെവാല ഖന്ന അസംബ്ലി മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച് 1951ല്‍ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആയിരുന്നു.
1967-ൽ സന്ത് ഫത്തേ സിംഗ് ഗ്രൂപ്പ്, അകാലിദൾ, ഭാരതീയ ജനസംഘം, സിപിഐ എന്നിവയുടെ ഒരു കൂട്ടുകെട്ട് സർക്കാർ രൂപീകരിക്കുകയും ഗുർനാം സിംഗ് മുഖ്യമന്ത്രിയാകുകയും ചെയ്തു. തുടർന്ന് ഈ ഗ്രൂപ്പ് മറ്റ് സ്വതന്ത്ര സ്ഥാനാർഥികളുമായി ചേർന്ന് പീപ്പിൾസ് യുണൈറ്റഡ് ഫ്രണ്ട് രൂപീകരിച്ചു.
എന്നാൽ ഒന്നര വർഷത്തിന് ശേഷം 16 എംഎൽഎമാരുടെ പിന്‍തുണയുള്ള ലച്‌മണ്‍ സിംഗ് ഗിൽ പിന്മാറിയതോടെ സർക്കാർ വീണു. സ്വതന്ത്ര പഞ്ചാബിലെ ആദ്യത്തെ സഖ്യസർക്കാരായിരുന്നു ഇതോടെ നിലംപൊത്തിയത്. ഗിൽ 1967 നവംബറിൽ കൂറുമാറി പഞ്ചാബ് ജനതാ പാർട്ടി രൂപീകരിക്കുകയും കോൺഗ്രസിന്‍റെ സഹായത്തോടെ 1967 നവംബർ 25 ന് സർക്കാർ രൂപീകരിക്കുകയും ചെയ്തു. ധരംകോട്ട് നിയോജക മണ്ഡലത്തിലെ ലച്‌മൺ സിംഗ് ഗിൽ എംഎൽഎ ഇതോടെ മുഖ്യമന്ത്രിയായി.
Also Read: യുപിയില്‍ 100 മണ്ഡലങ്ങളില്‍ മുസ്ലിം വോട്ട് നിര്‍ണായകം ; 'ജാതി ചര്‍ച്ച'യും വഴിത്തിരിവാകും
സർക്കാർ 272 ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. 1969 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗില്ലിന്‍റെ പാർട്ടിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. ഇതോടെ ശിരോമണി അകാലിദളിന്‍റെയും ഭാരതീയ ജനസംഘത്തിന്‍റെ സഖ്യ സർക്കാർ 1969 ഫെബ്രുവരി 17-ന് രൂപീകരിച്ച് ഗുർനാം സിംഗ് മുഖ്യമന്ത്രിയായി.
ഈ സര്‍ക്കാറിനെ അട്ടിമറിച്ച് 1970 മാർച്ച് 27-ന് രൂപീകരിച്ച ശിരോമണി അകാലിദളിന്‍റയും ഭാരതീയ ജനസംഘത്തിന്റെയും സംയുക്ത സർക്കാരിൽ എം.എൽ.എ പ്രകാശ് സിംഗ് ബാദൽ മുഖ്യമന്ത്രിയായി. 1977 ജൂൺ 20-ന് അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത് ഈ കൂട്ടുകക്ഷി സർക്കാരുകള്‍ ചേര്‍ന്നാണ്.
ശിരോമണി അകാലിദൾ-ജനതാ പാർട്ടിയുമായും സിപിഐയുമായും കൂട്ടുകക്ഷി സർക്കാർ രൂപീകരിച്ചിരുന്നു. 1980 ഫെബ്രുവരി 17 ന് ഈ സർക്കാർ അതിന്റെ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് തകർന്നു. അതിനുശേഷമുള്ള 17 വർഷം പഞ്ചാബിൽ അകാലിദളും, കോൺഗ്രസും ഒരു ഘട്ടത്തില്‍ രാഷ്ട്രപതി ഭരണവും ഏര്‍പ്പെടുത്തി.
1997 ഫെബ്രുവരി 12-ന് എസ്എഡി-ബിജെപി സഖ്യം അധികാരത്തില്‍ എത്തി. 2017ൽ അകാലിദളിനെ വളര്‍ത്തിയെടുത്ത രഞ്ജിത് സിംഗ് ബ്രഹ്മപുര പാര്‍ട്ടി വിട്ടു. ഇതോടെ ഒരു മൂന്നാം കക്ഷിയായി അധികാരത്തില്‍ എത്താനുള്ള ശ്രമം തുടങ്ങിയെങ്കിലും ഫലം കണ്ടില്ല. കോണ്‍ഗ്രസ് ഇതോടെ പഞ്ചാബില്‍ ഭരണം തുടര്‍ന്നു.ദള്ളില്‍ നിന്ന് പുറത്താക്കപ്പെട്ട സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു.
തുടര്‍ന്ന് 2021 ഡിസംബറിൽ സുഖ്ബീർ സിംഗ് ബാദലിന്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദളിലേക്ക് തന്നെ അദ്ദേഹം മടങ്ങുകയും ചെയ്തു. ഇതിനിടെയാണ് കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ കാരണം മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടത്.