ഷവോമിയുടെ മി മിക്‌സ് സീരിസിലെ ഏറ്റവും പുതിയ ഫോണായ Mi Mix 4 ചൈനയിൽ അവതരിപ്പിച്ചു. അണ്ടർ ഡിസ്‌പ്ലേ ക്യാമറയാണ് ഫോണിന്‍റെ ഏറ്റവും വലിയ സവിശേഷത. അതായത് സെൽഫി ക്യാമറ കാണാൻ സാധിക്കില്ല.
Also Read: റെഡ്‌മി ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു, വിലയും വിശദാംശങ്ങളും അറിയാം
ക്യാമറയുടെ സ്ഥാനം ഡിസ്‌പ്ലേയ്ക്കുള്ളിലായിരിക്കും. ക്യാമറ അണ്ടർ പാനൽ എന്നാണ് ഈ ടെക്നോളജിയെ ഷവോമി വിശേഷിപ്പിക്കുന്നത്. ഷവോമിയുടെ ആദ്യ അണ്ടർ ഡിസ്പ്ലേ ക്യാമറ ഫോണാണ് മി മിക്‌സ് 4.
നാല് വേരിയന്‍റുകളിലാണ് ചൈനീസ് മാർക്കറ്റിൽ കമ്പനി ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജും വരുന്ന ഫോണിന് 4,999 ചൈനീസ് യുവാനാണ് വില. ഏകദേശം 57,400 ഇന്ത്യൻ രൂപ.
8ജിബി + 256ജിബി സ്റ്റോറേജ് മോഡലിന് 5299 യുവാനും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 5799 യുവാനും ആണ് വില.
ഏറ്റവും ഉയർന്ന മോഡൽ 6299 യുവാന്‍റെ (72,270 ഇന്ത്യൻ രൂപ) 12 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലാണ്. ഫോണ്‍ എപ്പോള്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഷവോമി വ്യക്തമാക്കിയിട്ടില്ല.
സവിശേഷതകൾ
120 ഹെർട്‌സ് റിഫ്രഷ് റേറ്റ് നൽകുന്ന 6.67 ഇഞ്ച് കർവ്ഡ് അമോൾഡ് എച്ച്ഡിആർ 10+ ഡിസ്പ്ലേയാണ് ഈ ഫ്ലാഗ്ഷിപ്പ് മോഡലിന് ഷവോമി നൽകിയിരിക്കുന്നത്. ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 888+ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിന്.
100X സൂമിങ് നൽകുന്ന 108 എംപിയുടേതാണ് പ്രധാന ക്യാമറ. 8 എംപിയുടെ പെരിസ്‌കോപ് ലെൻസും 13 എംപി അൾട്രാ വൈഡ് ലെൻസും ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഡിസ്പ്ലേയ്‌ക്കുള്ളിലെ സെൽഫി ക്യാമറ 20 എംപിയുടേതാണ്. ആൻഡ്രോയ്‌ഡ് 11 അധിഷ്ഠിത MIUI ഒഎസിലാണ് ഫോണ്‍ പ്രവർത്തിക്കുക. 120 വാട്ടിന്‍റെ ഫാസ്റ്റ് ചാർജിങ് നൽകുന്ന 4,500 എംഎഎച്ചിന്‍റെ ബാറ്ററിയാണ് എംഐ മിക്‌സ് 4ന് ഷവോമി നൽകിയിരിക്കുന്നത്.