ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ നായിഡുവിന്‍റെ സ്വകാര്യ അക്കൗണ്ടിന്‍റെ ബ്ലൂടിക്ക് വെരിഫിക്കേഷൻ ട്വിറ്റർർ നീക്കം ചെയ്‌തു. കഴിഞ്ഞ ആറുമാസമായി അക്കൗണ്ട് ആക്ടീവ് അല്ലാത്തതിനാലാണ് ബ്ലൂടിക്ക് നീക്കിയതെന്ന് ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേ സമയം ട്വിറ്ററിന്‍റെ നടപടി ഇന്ത്യൻ ഭരണഘടനയ്‌ക്ക് എതിരെയുള്ള അതിക്രമമാണെന്ന് ബിജെപി മുംബൈ വക്താവ് രേഷ് നഖുവ ആരോപിച്ചു. പുതിയ ഐടി സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി തർക്കം നിലനിൽക്കുന്നതിനിടയിൽ ആണ് ട്വിറ്ററിന്‍റെ പുതിയ നീക്കം. അതേ സമയം ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിൽ ബ്ലൂടിക്ക് നിലനിർത്തിയിട്ടുണ്ട്.
Also Read ഭാരത് ബയോടെകിനെതിരെ ഡൽഹി സർക്കാർ ഹൈക്കോടതിയില്‍
ട്വിറ്ററിന്‍റെ നയം അനുസരിച്ച് പ്രമുഖരുടെ ആധികാരികവും ശ്രദ്ധേയവും സജീവവുമായ അക്കൗണ്ടുകൾക്കാണ് ബ്ലൂടിക്ക് വെരിഫിക്കേഷൻ നൽകുന്നത്. പൊതുവെ സർക്കാർ കമ്പനികൾ, ബ്രാൻഡുകൾ, വാർത്താ-വിനോദ മാധ്യമങ്ങൾ, സ്വാധീനമുള്ള വ്യക്തിത്വങ്ങൾ തുടങ്ങിയവർക്കാണ് ബ്ലൂടിക്ക് വെരിഫിക്കേഷൻ ലഭിക്കുക. യൂസർ നെയിം മാറ്റുമ്പോഴോ നിലവിൽ ഉള്ള സ്ഥാനമാനങ്ങളിൽ മാറ്റം വരുമ്പോളോ വ്യക്തിഗത അക്കൗണ്ടുകളുടെ ബ്ലൂടിക്ക് മുന്നറിയിപ്പ് കൂടാതെ നീക്കം ചെയ്യാനുള്ള അധികാരം ട്വിറ്ററിനുണ്ട്. പേജുകളുടെ ആധികാരികത വർധിപ്പിക്കുന്നതിനും ഒരു വ്യക്തിയുടെ ശരിയായ അക്കൗണ്ട് ആണെന്ന് തിരിച്ചറിയാനുമാണ് ട്വിറ്റർ, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങൾ ബ്ലൂടിക്ക് കൊണ്ട് വന്നത്.