ന്യൂഡല്‍ഹി : ട്വിറ്ററില്‍ പണമിടപാടുകള്‍ (ടിപ്‌സ്) നടത്തുന്നതിനുള്ള പേയ്‌മെന്‍റ് ഗേറ്റ്‌വേകളിലൊന്നായി പേടിഎം പേയ്‌മെന്‍റ് സര്‍വീസസിനെ ഉള്‍പ്പെടുത്തി. കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനേയും ചെറുകിട ബിസിനസുകാരെയും പിന്തുണയ്‌ക്കുന്നതിനായാണ് ടിപ്‌സ് ഫീച്ചര്‍ ട്വിറ്റര്‍ അവതരിപ്പിച്ചത്.
ഇതോടെ ട്വിറ്റര്‍ അക്കൗണ്ട് മോണിറ്റൈസ് ചെയ്യുന്നതിനും ഫോളോവര്‍മാരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും പണം സ്വീകരിക്കുന്നതിനുമായി പേടിഎം യുപിഐ, പേടിഎം വാലറ്റ്, പേടിഎം പോസ്റ്റ്‌പേഡ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം.
ഇടപാടുകൾ സുഗമമാക്കുന്നതിനായി പ്ലാറ്റ്‌ഫോമിന് ഇതിനകം ക്രിപ്‌റ്റോകറൻസിയും റേസർപേ ഗേറ്റ്‌വേയുമുണ്ട്. അതേസമയം ചില മാധ്യമ പ്രവര്‍ത്തകരേയും കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനേയും ഉള്‍പ്പെടുത്തി 2021 മെയ് മാസത്തിൽ തന്നെ ടിപ്‌സ് ഫീച്ചറിന്‍റെ പരീക്ഷണം ട്വിറ്റർ ആരംഭിച്ചിരുന്നു.
കഴിഞ്ഞ വർഷം നവംബർ മുതൽ തന്നെ ഇന്ത്യയില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാക്കിയിരുന്നു. ഐഒഎസിലും, ആന്‍ഡ്രോയിഡിലും ഈ ഫീച്ചര്‍ ലഭ്യമാണ്.