ന്യൂഡൽഹി: ടിക് ടോക്കിന് പകരമായി വന്ന ഇൻഡ്യൻ ഷോർട്ട് വീഡിയോ ഷെയറിങ് ആപ്ലിക്കേഷൻ ചിങ്കാരി പ്രാരംഭ മൂലധനമായി 1.3 മില്യൺ സമാഹരിച്ചു. നിക്ഷേപകർ ആപ്ലിക്കേഷന്‍റെ വലിയ സാധ്യതകൾ കണ്ടതിലും യാത്രയിൽ ഒപ്പം ചേർന്നതിലും തങ്ങൾ സന്തുഷ്‌ടരാണെന്ന് ചിങ്കാരി ആപ്ലിക്കേഷന്‍റെ കോ-ഫൗണ്ടറും സിഇഒയുമായ സുമിത് ഘോഷ് പറഞ്ഞു. 25 മില്യൺ ആളുകൾ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഒരു ദിവസത്തെ ആക്‌ടീവ് യൂസേഴ്‌സ് മൂന്ന് മില്യൺ ആണെന്നുമാണ് കമ്പനിയുടെ അവകാശവാദം.
ആത്മനിർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ചിലെ സോഷ്യൽ വിഭാഗത്തിൽ ഒന്നാമതായി നിൽക്കുന്ന ആപ്ലിക്കേഷനാണ് ചിങ്കാരി. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് വീഡിയോകൾ ഡൗൺലോഡ് ചെയ്യാനും, അപ്‌ലോഡ് ചെയ്യാനും, സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും തുടങ്ങിയ നിരവധി സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്.
വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ്, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ, ജിഐഎഫ് സ്റ്റിക്കറുകൾ, ഫോട്ടോകൾ എന്നിവഉപയോഗിച്ച് ക്രിയാത്മക കണ്ടന്‍റ് നിർമാണത്തിനും ആപ്ലിക്കേഷൻ അവസരം നൽകുന്നു. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾക്കൊപ്പം മറ്റ് എട്ട് ഇന്ത്യൻ ഭാഷകളിലും ആപ്ലിക്കേഷൻ ഉപയോഗത്തിലുണ്ട്.