കൊല്ലം: പത്തനാപുരത്ത് സർവീസ് ലൈനിൽ നിന്നും വൈദ്യുതക്കെണിയൊരുക്കി കാട്ടു പന്നിയെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആശാരികൂപ്പ് ബിജുഭവനിൽ സന്തോഷ് (35) ആശാരിക്കൂപ്പ് സ്നേഹാലയത്തിൽ വർഗീസ് (53) എന്നിവരാണ് പിടിയിലായത്. മറ്റ് പ്രതികളായ കല്ലാമുട്ടം ചെത്തിയരിയത്ത് വീട്ടിൽ തോമസ് വർഗീസ് (49), അഭി ഭവനിൽ ദാമോദരൻ പിള്ള (49), കല്ലംകുഴി വീട്ടില്‍ രാജൻ (53) എന്നിവരെ പിടികൂടാനായിട്ടില്ല.
പത്തനാപുരത്തെ വനപാലക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സർവീസ് ലൈനിൽ നിന്ന് കണക്ഷൻ വലിച്ച് കെണിയുണ്ടാക്കി കാട്ടുപന്നിയെ കെണിയിലേക്ക് ഓടിച്ചുകയറ്റിയാണ് വേട്ടയാടിയത്. ഷോക്കേറ്റ് വീണ പന്നിയെ ഇറച്ചിയാക്കി പങ്കിട്ടെടുക്കുകയായിരുന്നെന്ന് വനപാലകർ പറഞ്ഞു. ഇറച്ചിയാക്കിയ ശേഷം കുഴിച്ചുമൂടിയ കാട്ടുപന്നിയുടെ തലയടക്കമുള്ള ഭാഗങ്ങൾ വനപാലകർ കണ്ടെത്തിയിട്ടുണ്ട്.