കൊല്ലം: കുണ്ടറ മുളവനയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസില്‍ കീഴടങ്ങി. പടിഞ്ഞാറ്റത്തിൽ വീട്ടിൽ മോഹനന്റെ മകൾ കൃതി (26) യാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്. കേസില്‍ ഭര്‍ത്താവ് വൈശാഖ് ആണ് കുണ്ടറ പൊലീസ് സ്റ്റേഷനിൽ കിഴടങ്ങിയത്. കൃതിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
രണ്ട് മാസമായി സ്വന്തം വീട്ടിലായിരുന്ന കൃതിയെ കാണാൻ വൈകീട്ടാണ് വൈശാഖ് എത്തിയത്. കിടപ്പ് മുറിയിൽ കതകടച്ചിരുന്ന ഇരുവരെയും രാത്രി 10.45ന് ആഹാരം കഴിക്കാൻ കൃതിയുടെ മാതാവ് ബിന്ദു വിളിച്ചു. ഈ സമയം കൃതി കട്ടിലില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. സംസാരിച്ചിരിക്കവെ കുഴഞ്ഞു വീണെന്നായിരുന്നു വൈശാഖ് പറഞ്ഞത്. കൃതിയെ ആശുപത്രിയിൽ കൊണ്ടു പോകാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ വൈശാഖ് തന്‍റെ വാഹനത്തില്‍ കടന്നുകളഞ്ഞു. ഇതോടെ മാതാപിതാക്കളും ബന്ധുക്കളും കുണ്ടറ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
2019 ഫെബ്രുവരി മൂന്നിനായിരുന്നു ഇവരും തമ്മിലുള്ള വിവാഹം.കൃതിയുടെ രണ്ടാം വിവാഹവും വൈശാഖിന്റെ ആദ്യത്തെ വിവാഹവുമായിരുന്നു ഇത്. കൃതിയുടെ ആദ്യത്തെ വിവാഹത്തിലെ മകൾ വൈഷ്ണവി (3) ബിന്ദുവിനൊപ്പമാണ് താമസിക്കുന്നത്. ഒക്ടോബർ 14ന് കൃതിയുടെ വീടിന്‍റെ പ്രമാണത്തെ ചൊല്ലി വഴക്ക് നടന്നിരുന്നു. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങി പോയ വൈശാഖ് തിങ്കളാഴ്ച്ചയാണ് തിരികെ വന്നത്.
വിവാഹ ശേഷം ഇയാള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. സ്വത്തിന് വേണ്ടി കൃതിയെ പലപ്പോഴും ശാരീരികമായി ഉപദ്രവിച്ചിരുന്നു. കൃതിയെ കത്തി കഴുത്തിന് വച്ച് കൊല്ലുമെന്ന് ഭീക്ഷണിപെടുത്തുന്നത് പതിവായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
തിങ്കൾ രാത്രി തന്നെ പൊലീസ് വൈശാഖിനായി അന്വേഷണം ആരംഭിച്ചിരുന്നു. വൈശാഖിന്‍റെ കൊല്ലത്തെയും പരവൂരിലെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ശേഖരിച്ചു. ഉച്ചയ്ക്ക് മൂന്നോടെ വൈശാഖ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.