മലപ്പുറം: ഒന്‍പത് കിലോ തൂക്കമുള്ള ആന കൊമ്പുമായി രണ്ടു പേർ വനംവകുപ്പ് അധികൃതരുടെ പിടിയില്‍. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ആനക്കൊമ്പുമായി വഴിക്കടവ് മൊടപൊയ്ക കരിയൻ തൊടിക സുമീർ (28), ജൂത്തേടം സ്വദേശി നമ്പ്യാർ മഠത്തിൽ റഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം വിജിലൻസ് ഉദ്യോഗസ്ഥന്‍ സുരേഷ് ബാബു, കോഴിക്കോട് വനം വിജിലൻസ് ഡി.എഫ്.ഒ ധനേഷ് കുമാർ എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലമ്പൂർ വനം വിജിലൻസ് റെയ്ഞ്ച് ഓഫീസർ എം രമേശാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
ഇവർക്ക് ആനക്കൊമ്പ് കൈമാറിയ പ്രധാന പ്രതികളായ പ്രവീൺ, ജലീൽ എന്നിവരെ പിടികൂടാനുണ്ട്. വഴിക്കടവ് റെയ്ഞ്ച് ഓഫീസർക്കായിരിക്കും തുടർ അന്വേഷണ ചുമതല.