തിരുവനന്തപുരം: പൊലീസിനു പിന്നിലെ ജയിൽ വകുപ്പിലും ചട്ടലംഘനമെന്ന് ആരോപണം. സെൻട്രൽ ജയിലുകളിലെ നിർമാണ യൂണിറ്റുകളിലേക്ക് നൂലുകൾ വാങ്ങിയത് ചട്ടങ്ങൾ ലംഘിച്ചെന്നാണ് ആരോപണം. സർക്കാർ അനുമതിയില്ലാതെ 26 ലക്ഷം രൂപയുടെ നൂലുകളാണ് വാങ്ങിയത്. ജയിൽ മേധാവിയുടെ നടപടിക്ക് പിന്നീട് സർക്കാർ അംഗീകാരം നൽകിയതിന്‍റെ രേഖ ഇ.ടി.വി ഭാരതിന് ലഭിച്ചു.
തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ എന്നീ ജയിലുകളിലെ നിർമാണ യൂണിറ്റുകളിലേയ്ക്കാണ് നൂലുകൾ വാങ്ങിയത്. 2017- 18 സാമ്പത്തിക വർഷത്തിൽ 26, 52, 576 രൂപയുടെ നൂലുകൾ കണ്ണൂർ കോർപറേറ്റ് സ്പിന്നിങ് മില്ലിൽ നിന്നും വാങ്ങി. ഇത് ചട്ടങ്ങൾ ലംഘിച്ചെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. സ്റ്റോർ പർച്ചേഴ്സ് മാനുവൽ പാലിക്കാതെയും സർക്കാരിന്‍റെ അനുമതിയില്ലാതെയുമാണ് ജയിൽ വകുപ്പ് മേധാവിയുടെ നിർദേശപ്രകാരം നൂലുകൾ വാങ്ങിയത്. ജയിൽ മേധാവിയുടെ തീരുമാനത്തിന് പിന്നീട് സർക്കാർ അനുമതി നൽകുകയായിരുന്നു. പൊലീസ് വകുപ്പിന് പിന്നാലെയാണ് ജയിൽ വകുപ്പിലെ ചട്ടലംഘനത്തിനും സർക്കാർ ഒത്താശ നൽകുന്നത്.