കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ മദ്യലഹരിയിൽ പിതാവ് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്‍റെ തലയടിച്ചു പൊട്ടിച്ചതായി പരാതി. കുടുംബവഴക്കിനെ തുടർന്ന് അക്രമം നടത്തിയ ബിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊട്ടാരക്കര പുത്തൂർ ലക്ഷ്മി വിഹാറില്‍ ബിജിത്ത്- അഞ്ജു ദമ്പതികളുടെ ഒമ്പത് മാസം പ്രായമുള്ള ഋഷികേഷ് എന്ന കുഞ്ഞിനാണ് മർദ്ദനമേറ്റത്.
രണ്ടു വർഷമായി സ്ത്രീധനത്തിന്‍റെ പേരിൽ ബിജിത്ത് അഞ്ജുവിനെ ഉപദ്രവിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. വീടിനുള്ളിൽ നിന്നും നിലവിളി കേട്ട നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് കുഞ്ഞിന്‍റെ തലപൊട്ടിയതായി കണ്ടത്. മർദ്ദനമേറ്റ അഞ്ജുവിനെ അവശനിലയിലും കണ്ടെത്തി. വാഹനം നിർത്തിയിടത്തു നിന്നും ഇഷ്ടികയുമായി ബിജിത്ത് വീട്ടിലേക്ക് കയറി ചെല്ലുന്നതും നാട്ടുകാർ കണ്ടിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ഋഷികേശ് ആരോഗ്യനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ബിജിത്തിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു.