ആലപ്പുഴ: എസ്.എൻ.ഡി.പി മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്‍റ് സുഭാഷ് വാസുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ഓഫീസിൽ നിന്നും യൂണിയൻ രേഖകൾക്കും മറ്റും കടത്തിയെന്ന പരാതിയെ തുടർന്നാണ് മാവേലിക്കര പൊലീസ് കേസ് രജിസ്ട്രർ ചെയ്തത്. കേസേടുത്തതിന് അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മാവേലിക്കര യൂണിയനിലെ മൈക്രോ ഫിനാൻസ്, പ്രീമാര്യേജ് കൗൺസിലിംഗ്, സാമൂഹ്യക്ഷേമ പദ്ധതിയിനത്തിൽ 12 കോടി രൂപയുടെ മുകളിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
ഇതെത്തുടർന്ന് സുഭാഷ് വാസുവിന്‍റെയും അടുത്ത ബന്ധുക്കളുടെയും വീടുകളിൽ നടത്തിയ റെയ്‌ഡില്‍ യൂണിയൻ ഓഫീസിൽ നിന്നും കടത്തിയ മിനുട്‌സ് ബുക്കുകൾ, ചെക്കുകൾ, കേസിന് ആസ്പദമായ ഒട്ടനവധി രേഖകൾ എന്നിവ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു. റെക്കാർഡുകളും, രേഖകളും, ചെക്കുകളും കടത്തിയത് സംബസിച്ച് യൂണിയൻ അഡ്മിനിസ്ട്രേറ്ററും, ഇപ്പോഴത്തെ യൂണിയൻ കൺവീനറുമായ അഡ്വ. സിനിൽ മുണ്ടപ്പള്ളിയാണ് പരാതി നൽകിയത്. തുടർന്ന് മാവേലിക്കര സ്റ്റേഷനിൽ എത്തിയ സുഭാഷ് വാസുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉപാധികളോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.