കോട്ടയം: കൊവിഡിനെക്കുറിച്ച് വ്യാജവാർത്തയും വീഡിയോയും പ്രചരിപ്പിച്ചതിന് പത്ത് പേരെ അറസ്റ്റ് ചെയ്‌തു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ ഒളിച്ചു താമസിച്ചെന്നും, ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നുമുള്ള വാർത്തയാണ് വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചത്. വ്യാജ വാർത്തയും വീഡിയോയും ഗ്രൂപ്പിൽ പ്രചരിപ്പിച്ചതിന് വേളൂർ സ്വദേശി സി.എച്ച് ജിതിനെ (33)യും, വാർത്ത മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്‌ത ഒമ്പത് പേരെയും കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തു.
തെക്കുംഗോപുരം അൽ അറാഫാ റിലീജിയസ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി മുസ്‌തഫ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തെക്കുംഗോപുരം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിലെ പള്ളിയ്ക്കു മുന്നിൽ അഗ്നിരക്ഷാ സേന അണുനശീകരണം നടത്തുന്ന വീഡിയോയാണ് തെറ്റായ കുറിപ്പോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വാർത്ത പ്രചരിച്ച പത്തിലധികം ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.