മംഗലൂരു: കാസര്‍കോട് ഉപ്പള സ്വദേശിയായ സംഗീത അധ്യാപികയുടെ കൊലപാതകത്തില്‍ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്‍ കുറ്റക്കാരനെന്ന് മംഗലൂരു ജില്ലാ സെഷന്‍സ് കോടതി. കൊലപാതകം, കവര്‍ച്ച, വഞ്ചനക്കുറ്റം എന്നിവ പ്രതിക്ക് മേല്‍ ചുമത്തിയിരുന്നു. കേസില്‍ 38 സാക്ഷികളേയും തെളിവുകളും പരിഗണിച്ച കോടതി വെള്ളിയാഴ്ച ശിക്ഷ വിധിക്കും.
മോഹന്‍ ശിക്ഷിക്കപ്പെട്ട പതിനാറാമത്തെ കേസാണിത്. മുപ്പത്തിമൂന്നുകാരിയെ പീഡനത്തിന് ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. 2007 മെയില്‍ ബെംഗലൂരുവിലെ ഒരു ലോഡ്‌ജില്‍ വച്ച് ഗര്‍ഭനിരോധന ഗുളികയെന്ന് വിശ്വസിപ്പിച്ച് സയനൈഡ് നല്‍കിയായിരുന്നു കൊലപാതകം.
വനംവകുപ്പ് ഉദ്യോഗസ്ഥനായ സുധാകര്‍ ആചാര്യയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പ്രതി സ്‌ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. പരിചയപ്പെട്ടവരെ പീഡനത്തിന് ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തുന്നതാണ് പ്രതിയുടെ ശൈലി. ഇതേ രീതിയില്‍ പ്രതി ഇരുപതോളം കൊലപാതകങ്ങള്‍ നടത്തിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
നേരത്തേ 2003 നും 2009 നും ഇടയില്‍ വിവിധ കേസുകളിലായി പ്രതിക്ക് വധശിക്ഷയും ജീവപര്യന്തം തടവും ലഭിച്ചിരുന്നു. 2007ല്‍ കര്‍ണാടക ഹൈക്കോടതിയും സയനൈഡ് മോഹന് വധശിക്ഷ വിധിച്ചിരുന്നു.