കാസര്‍കോട്: ഉപ്പള നയാ ബസാറിൽ എട്ട് കടകളിൽ കവർച്ച. കവർച്ചക്ക് മുമ്പായി ബസാറിലുണ്ടായിരുന്ന ഐ മാക്സ് ലൈറ്റ് ഓഫാക്കിയിരുന്നു. കടകളുടെ പുറത്ത് ഉണ്ടായിരുന്ന ബൾബുകൾ ഊരിമാറ്റി പ്രദേശത്ത് ഇരുട്ടാക്കിയാണ് കവർച്ച. ഒരോ കടകളുടെയും ഷട്ടറുകളുടെ അടിഭാഗം തകർത്ത് ചെറിയ വഴിയുണ്ടാക്കിയാണ് കടന്നത്. മറ്റു കടകളിലെ ബോർഡുകളും പ്ലൈവുഡുകളും ബോക്സുകളും വച്ച് മറ തീര്‍ത്ത് പുറത്തേക്ക് കാണാത്ത രീതിയിലാണ് ഷട്ടറുകൾ തകർത്തത്.
നയാബസാറിലെ ഷഫിഖിന്‍റെ മെഡിക്കൽ ഷോപ്പിൽ നിന്ന് 10,000 രൂപയും കിഷോര്‍ എന്നയാളുടെ പച്ചക്കറി കടയിൽ നിന്ന് 1000 രൂപയും എം.എ.യൂസഫിന്‍റെ പലചരക്ക് കടയില്‍ നിന്ന് 2000 രൂപയും കെ. ബാബുവിന്‍റെ മിൽമ പാല്‍ ഏജൻസിയില്‍ നിന്ന് 1000 രുപയും അബ്ദുല്ലയുടെ പലചരക്ക് കടയിൽ നിന്ന് 1500 രുപയും അബ്ദുൽ റഹിമാന്‍റെ ഹാർഡ് വെയര്‍ കടയിൽ നിന്ന് 18,000 രൂപയും ഖലിലിന്‍റെ ഇലക്ട്രോണിക് കടയിൽ നിന്ന് 12,000 രൂപയും മജിദിന്‍റെ ടയർ കടയിൽ നിന്ന് 500 രൂപയുമാണ് കവർന്നത്.