കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്ക് പിന്നാലെ ദുരൂഹത ആരോപിക്കപ്പെട്ട ചാത്തമംഗലം സ്വദേശി മണ്ണിലിടത്തിൽ രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും. രാമകൃഷ്ണന്റെ മകന്റെ സംശയം സാധൂകരിക്കുന്നതിന് ആവശ്യമായ തുമ്പൊന്നും ഇതുവരെ ലഭിക്കാത്തതിനാലാണ് കൂടുതൽ തെളിവുകൾ തേടി പൊലീസ് രംഗത്തിറങ്ങുന്നത്. ആരോപണം ഉയർന്നതു പോലെ മരണത്തിൽ ജോളിയുടെ പങ്ക് കണ്ടെത്താന്‍ മാത്രമുള്ള വസ്തുതകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ചുമതലയുള്ള ഡി.സി.ആർ.ബി. എ സി ടി.പി. രഞ്ജിത് പറഞ്ഞു.
നിലവിൽ രാമകൃഷ്ണന്റെ 55 ലക്ഷം തട്ടിയെടുത്ത സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി ബ്യൂട്ടി പാർലർ നടത്തിപ്പുകാരി സുലൈഖ, ഭർത്താവ് മജീദ്, രാമകൃഷ്ണൻ എന്നിവരുടെ 11 ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും. അടുത്ത ദിവസം തന്നെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് ഇതിലെ ഇടപാടുകൾ പൊലീസ് പരിശോധിക്കും. ബാങ്ക് ഇടപാടിൽ ജോളിയുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിക്കുമോ എന്നതും പൊലീസ് പരിശോധിക്കും.
രാമകൃഷ്ണന്റെ മരണത്തിന് ശേഷം മൃതദേഹം ദഹിപ്പിച്ചതിനാൽ ഇനിയൊരു ശാസ്ത്രീയ തെളിവെടുപ്പ് സാധ്യമല്ല. മരണ ശേഷം ഇൻക്വസ്റ്റ് നടപടികൾ നടത്താത്തതിനാൽ അസ്വാഭാവിക മരണത്തിന് കേസെടുക്കാൻ സാധിക്കില്ലെന്നും എ.സി പറഞ്ഞു. മാത്രവുമല്ല ഇതൊരു സയനൈഡ് ഉള്ളിൽ ചെന്നുള്ള മരണമല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പുറത്ത് പോയി വീട്ടിൽ എത്തിയ രാമകൃഷ്ണൻ അര മണിക്കൂറോളം തന്നെ വീട്ടിൽ പല ജോലികൾ ചെയ്ത ശേഷം ഭക്ഷവും കഴിച്ച ശേഷമാണ് മരിച്ചത്. സയനൈഡ് ഉള്ളിൽ ചെന്നാൽ ഒരാൾക്ക് കഠിനമായ ജോലി ചെയ്യാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുലൈഖയുടെയും ഭർത്താവ് മജീദിന്റെയും മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 2016 മേയ് 17നാണ് രാമകൃഷ്ണൻ കുഴഞ്ഞ് വീണു മരിച്ചത്.