തിരുവനന്തപുരം: തിരുവല്ലത്ത് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസിൽ ബിരുദ വിദ്യാർഥി പിടിയിലായി . കൊല്ലപ്പെട്ട ജാൻ ബീവിയുടെ സഹായിയായ സ്‌ത്രീയുടെ കൊച്ചുമകൻ അലക്സ് ആണ് പിടിയിലായത്. പ്രതിയുമായി പൊലീസ് വീട്ടിൽ തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവല്ലം വണ്ടിത്തടം യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപം ദാരുൽ സലാം വീട്ടിൽ ജാൻ ബീവിയെ മരിച്ചു നിലയിൽ കണ്ടെത്തിയത്. കവർച്ച ലക്ഷ്യമിട്ട് എത്തിയ അലക്‌സ് മോഷണ ശ്രമം എതിർത്തപ്പോൾ ജാൻ ബീവിയുടെ തല പലതവണ ചുമരിൽ ഇടിപ്പിച്ചു. തുടർന്ന് ജാൻ ബീവിയുടെ മാലയും,വളയും മോഷ്ടിച്ചു. ഇതിനിടയിൽ തല വീണ്ടും ചുമരിൽ ഇടിച്ച് മരണം ഉറപ്പാക്കി.
കഴിഞ്ഞ ദിവസം പൊലീസ്, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ദർ, ഡോഗ് സ്ക്വാഡ് എന്നിവർ എത്തി പരിശോധനകൾ നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്ന് സംശയം തോന്നി അലക്‌സിനെ ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ അരുംകൊലയുടെ വിവരങ്ങൾ പുറത്ത് വന്നത്.
അലക്സിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെത്തി. സമീപത്തെ ട്യൂട്ടോറിയൽ കോളജിൽ നിന്നാണ് ഇവ കണ്ടെത്തിയത്. തുടക്കം മുതൽ കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ജാൻ ബീവിയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതും തലയിലെ പരിക്കുകളുമാണ് കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.