ഗുവാഹത്തി/സിലിഗുരി/വാരണാസി : രാജ്യത്തെ മൂന്ന് പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നായി 20.40 കോടി രൂപയുടെ 51.66 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. നവംബർ 11, 12 തീയതികളിൽ ഗുവാഹത്തി, സിലിഗുരി, വാരണാസി എന്നീ നഗരങ്ങളിൽ സമാന്തരമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു.
സിലിഗുരിയിൽ 25.77 കിലോഗ്രാം സ്വർണവും ഗുവാഹത്തിയിൽ നിന്ന് 18.59 കിലോഗ്രാം സ്വർണവുമാണ് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ടിടത്തും വാഹനപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഡല്‍ഹി അതിർത്തിയിലുള്ള പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷനിൽ നോർത്ത് ഈസ്റ്റ് എക്‌സ്‌പ്രസിൽ നിന്നാണ് ബാക്കി 7.3 കിലോഗ്രാം സ്വർണം പിടിച്ചെടുത്തത്. രണ്ട് യാത്രക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണം മണിപ്പൂരിലെ മൊറേയിലെ ഇന്തോ- മ്യാൻമർ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. 1962 ലെ കസ്റ്റംസ് ആക്ട് അനുസരിച്ചാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.