ഭുവനേശ്വര്‍: മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് മുപ്പതുകാരന്‍ സ്ത്രീയെ കൊലപ്പെടുത്തി. ഉടലില്‍ നിന്നും വെട്ടിമാറ്റിയ ശിരസുമായി പതിമൂന്ന് കിലോമീറ്ററോളം നടന്ന് മയൂര്‍ബഞ്ച് ജില്ലയിലെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പ്രതി കീഴടങ്ങി. അറുപത് വയസുകാരിയായ ചമ്പ സിങാണ് കൊല്ലപ്പെട്ടത്. തന്‍റെ മകൾ ചമ്പ സിങിന്‍റെ ദുര്‍മന്ത്രവാദം മൂലം മൂന്ന് ദിവസം മുമ്പ് മരിച്ചിരുന്നുവെന്നും അതിനാലാണ് തന്‍റെ അമ്മായിയായ ചമ്പ സിങിനെ കൊലപ്പെടുത്തിയതെന്ന് പ്രതിയായ ബുദുറാം സിങ് പൊലീസിനോട് പറഞ്ഞു.
ആദിവാസികളായ ഇരുവരും നുവാസാഹി ഗ്രാമത്തിലാണ് താമസിക്കുന്നതെന്ന് കുണ്‍ട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സ്വര്‍ണലത മിന്‍സ് പറഞ്ഞു. ചമ്പ സിങിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മഴുവും പ്രതി ബുദുറാം സിങ് പൊലീസിന് കൈമാറി. ചമ്പ സിങ് കിടന്നുറങ്ങുമ്പോഴാണ് കൊലപാതകം നടത്തിയത്. തുണിയില്‍ പൊതിഞ്ഞ ശിരസുമായാണ് ബുദുറാം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ബുദുറാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 2010 മുതല്‍ പ്രതിവര്‍ഷം 60ഓളം കൊലപാതക കേസുകളാണ് മന്ത്രവാദവുമായി ബന്ധപ്പെട്ട് ഒഡീഷയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.