അഹമ്മദാബാദ്: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച കേസിലെ പ്രതി ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പൊലീസ്. നിത്യാനന്ദ നടത്തുന്ന അഹമ്മദാബാദിലെ ആശ്രമത്തിന് വേണ്ടി സംഭാവന ശേഖരിക്കാനാണ് ഇയാൾ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരായ തെളിവുകള്‍ ശേഖരിച്ചതായി പൊലീസ് അറിയിച്ചു.
നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി ഫ്ലാറ്റില്‍ താമസിപ്പിച്ചതിനും ആശ്രമത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകള്‍ ശേഖരിക്കൻ ഇവരെക്കൊണ്ട് ബാലവേല ചെയ്യിച്ചതിനും ആൾ ദൈവം നിത്യാനന്ദയുടെ ശിഷ്യരായ സാധ്വി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി കിരണ്‍ എന്നീ രണ്ട് ശിഷ്യരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിത്യാനന്ദയുടെ ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിത്യാനന്ദക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് പെൺമക്കളെ വിട്ടുകിട്ടണമെന്ന പരാതിയുമായി മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.