ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെ ദേശീയ അന്വേഷണ ഏജന്‍സിയായ എൻ.ഐ.എ സംഘം ഇന്ന് ശ്രീനഗറിലെത്തി ചോദ്യം ചെയ്യും. അഞ്ചംഗ സംഘമാണ് ശ്രീനഗറില്‍ എത്തി ചോദ്യം ചെയ്യുക. യു.എ.പി.എ വകുപ്പ് ചുമത്തിയ കേസിൽ ദേവീന്ദർ സിംഗിന്‍റെ തീവ്രവാദ ബന്ധങ്ങൾ എൻ.ഐ.എ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ഇയാളെ അന്വേഷണത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലേക്ക് കൊണ്ടുവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീനഗർ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായ ദേവീന്ദർ വിമാനത്താവളം വഴി ഭീകരരെ കടത്താന്‍ സഹായിച്ചോ എന്നും അന്വേഷിക്കും.
കുല്‍ഗാം, ഗ്വാസിംഗുണ്ഡ്, ശ്രീനഗര്‍ വിമാനത്താവളം ദേവീന്ദര്‍ സിംഗിന്‍റെ വീട് എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തും. കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന്‍റെ അനുമതിയോടെ ശനിയാഴ്ചയാണ് സിംഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി 11ന് ആയിരുന്നു ഹിസ്ബുള്‍ തീവ്രവാദികള്‍ക്കൊപ്പം അദ്ദേഹം പിടിയിലായത്. സേനയയിലെ മുതിര്‍ന്ന ഓഫീസറായ നവാദ് ബാബുവും സംഘത്തില്‍ ഉണ്ടായിരുന്നു. കാസീപൂര്‍ ദേശീയ ഹൈവേയില്‍ വച്ചാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ജമ്മു പൊലീസിനൊപ്പം തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുത്ത ഓഫീസറാണ് ദേവീന്ദര്‍ സിംഗ്.