ഇടുക്കി: അടിമാലി കുളമാംകുഴിയില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു. ആത്മഹത്യയില്‍ നിന്നും രക്ഷപ്പെട്ട രണ്ടാമത്തെ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ആശുപത്രിയില്‍ എത്തി ശേഖരിച്ചു. വീടുവിട്ടിറങ്ങിയ ശേഷം പെണ്‍കുട്ടികള്‍ പരിചയമുള്ള ആണ്‍ സുഹൃത്തുക്കളെ ഫോണ്‍ വഴി ബന്ധപ്പെട്ടതായാണ് വിവരം.
പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ട പ്രകാരം യുവാക്കള്‍ എത്താതായതോടെ വീടുകളിലേക്ക് തന്നെ തിരികെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ വിളിച്ചുവെന്ന് പറയപ്പെടുന്ന യുവാക്കളിലൊരാളെ പൊലീസ് ചോദ്യം ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം യുവാവിനെ പൊലീസ് വിട്ടയച്ചു.
അതേ സമയം പെണ്‍കുട്ടികള്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന മൊബൈല്‍ഫോണുകള്‍ സംബന്ധിച്ച് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. വീട് വിട്ടിറങ്ങിയ ശേഷം പെണ്‍കുട്ടികള്‍ സമീപ പ്രദേശത്ത് ഉണ്ടായിരുന്നതായും രാത്രി കാലത്ത്, മരിച്ച പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്ന ശുചിമുറിക്കുള്ളിലായിരുന്നു ഇവര്‍ കഴിഞ്ഞതെന്ന വിവരവും പൊലീസ് പങ്ക് വയ്ക്കുന്നുണ്ട്.