എറണാകുളം: കോതമംഗലം വാരപ്പെട്ടി മൈലൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്നു. പടിക്കാമറ്റം ഏലിയാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുടമയായ ഏലിയാസും കുടുംബവും ചികിത്സക്കായി തിരുവനന്തപുരത്ത് പോയിരുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്. പുറകുവശത്തെ വാതില്‍ പൊളിച്ച് അകത്തു കടന്നശേഷം അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
അലമാരയിൽ സ്യൂട്ട് കേസിൽ സൂക്ഷിച്ചിരുന്ന മാല ഉൾപ്പെടെയുള്ള ഏഴ് പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. മേശയില്‍ സൂക്ഷിച്ചിരുന്ന നാലായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഏലിയാസും കുടുംബവും തിരിച്ചെത്തിയാൽ മാത്രമേ കൂടുതൽ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ കഴിയൂ. പോത്താനിക്കാട് പൊലീസ് ഇൻസ്പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.