കൊല്ലം: കുണ്ടറ മുളവനയിൽ നിന്നും മൂന്ന് കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. എക്സൈസ് കൊല്ലം ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് പേരെ പിടികൂടിയത്. മുളവന വരമ്പേൽ മൈത്രിനഗർ റെസിഡൻസ് അസോസിയേഷനിൽ തെക്കെതടത്തുവിള രതീഷ്. പി.ആറിന്‍റെ വീട്ടിൽ നിന്നും രണ്ട് പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന മൂന്നു കിലോ കഞ്ചാവാണ് പിടികൂടിയത്. രതിഷിനോടൊപ്പം ഉണ്ടായിരുന്ന പെരുമ്പുഴ സ്വദേശി മണികണ്ഠനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുറത്തുനിന്നും എത്തിക്കുന്ന കഞ്ചാവ് ഇരുവരും ചേർന്ന് ചെറുകിട കച്ചവടക്കാർക്ക് വില്‍പ്പന നടത്തുകയായിരുന്നു.
15 പാക്കറ്റുകളിലായി 35 കിലോ കഞ്ചാവ് കുണ്ടറയിൽ വിതരണം ചെയ്‌തതായാണ് എക്സൈസിന് ലഭിച്ച വിവരം. 15 പാക്കറ്റുകളും കുണ്ടറയിൽ തന്നെ വിതരണം ചെയ്‌തതായും പിടിയിലായവർ എക്സൈസ് സംഘത്തോട് പറഞ്ഞു. വീടിന്‍റെ പരിസരത്ത് കാഞ്ചാവ് കുഴിച്ചിട്ടിട്ടുണ്ടെന്ന സംശയത്തിൽ പൊലീസ് ഡോഗ് സ്‌കോഡിന്‍റെ സഹായത്തോടെ വീടിന്‍റെ പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. കഞ്ചാവ് കൊണ്ടുവന്നവരെ കുറിച്ചും ഇത് വിതരണം ചെയ്തവരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി കെ സനു പറഞ്ഞു. റെയ്ഡിൽ കൊല്ലം റേഞ്ച് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ മനോജ്‌കുമാര്‍, പ്രിവന്‍റീവ് ഓഫീസർ റോബിൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു രാജ്, രാഹുൽ രാജ്, സഫേഴ്‌സൺ എന്നിവർ പങ്കെടുത്തു.