തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ വാഹനം ഇടിച്ച കൊന്ന കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ട രാമന്‍റെ രക്ത പരിശോധന ഫലം ഇന്നുണ്ടാകില്ല. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച തിരുവനന്തപുരത്തെ പബ്ലിക്ക് ലാബ് ഇന്ന് പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിൽ നാളെ മാത്രമേ ഫലം ലഭിക്കൂവെന്ന് പൊലീസ്. അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് രക്ത പരിശോധന നടത്തിയത്. എന്നാൽ അപകടം നടന്ന ഉടൻ രക്തസാമ്പിൾ പരിശോധിക്കുന്നതിനു പകരം മണിക്കൂറുകളോളം വൈകിയാണ് രക്ത പരിശോധന നടത്തിയത്. പരിശോധന ഫലത്തിൽ അമിതമായി മദ്യപിച്ചിരുന്നു എന്ന് തെളിഞ്ഞാൽ ശ്രീറാമിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തും.
അതേസമയം, രക്ത പരിശോധ വൈകിപ്പിച്ചത് കേസിൽ തിരിച്ചടിയായേക്കുമെന്നാണ് സൂചന. ശരീരത്തിൽ മദ്യത്തിന്‍റെ അളവ് കണ്ടെത്താൻ സാധ്യത കുറവെന്നും സൂചനയുണ്ട്. മദ്യത്തിന്‍റെ അളവ് കുറയ്ക്കാൻ ശ്രീറാം മരുന്ന് കഴിച്ചതായും സംശയം. കേസിൽ എഫ്ഐആർ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതിനിടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീറാമിനെ ഇന്ന് മെഡിക്കൽ കോളജിലേക്കോ സബ് ജയിലിലേക്കോ മാറ്റും. അഖിലേന്ത്യാ സർവീസ് റൂൾ അനുസരിച്ച് ഉദ്യോഗസ്ഥനെ കോടതി റിമാൻഡ് ചെയ്താൽ 48 മണിക്കൂറിനുള്ളിൽ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യണം എന്നാണ് ചട്ടം. എന്നാല്‍ ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ല.