കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ച കേസിൽ വനംവകുപ്പിന്റെ കുറ്റപത്രത്തിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുൻകാലപ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തിൽ വനംവകുപ്പ് തനിക്കെതിരെ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കഴിഞ്ഞമാസം വന്യജീവി സംരക്ഷണ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മോഹൻലാലിനെ ഒന്നാംപ്രതിയാക്കി പെരുമ്പാവൂര്‍ കോടതിയില്‍ വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആനക്കൊമ്പ് കൈവശം വെക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവിസംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
2012ലാണ് മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ മൂന്ന് പ്രാവശ്യം മോഹന്‍ലാലിന് അനുകൂലമായ നിലപാട് സ്വീകരിച്ച വനംവകുപ്പ് നിലപാട് മാറ്റി കേസില്‍ മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
ഏഴ് വർഷത്തിന് ശേഷവും കേസ് തീർപ്പാക്കത്തതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. എന്തുകൊണ്ടാണ് കാലതാമസമെന്നും വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസ് എന്തുകൊണ്ട് തീർപ്പാക്കിയില്ലെന്നും ചോദിച്ച ഹൈക്കോടതി പെരുമ്പാവൂർ മജിസ്ട്രേറ്റിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് വനംവകുപ്പ് തിടുക്കപ്പെട്ട് കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ മോഹന്‍ലാലിന്‍റെ ഹര്‍ജി അടുത്ത ദിവസം കോടതി പരിഗണിക്കും.