ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു. ഇരുന്നൂറോളം കേസുകളില്‍ പ്രതിയായ ഇയാളെ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് വിമാനമാര്‍ഗം ബംഗളൂരുവില്‍ എത്തിച്ചത്. ആഫ്രിക്കയിലെ സെനഗലില്‍ വച്ചാണ് രവി പൂജാരി അറസ്റ്റിലായത്. റോയുടെയും കര്‍ണാടക പൊലീസിന്‍റെയും ഉദ്യോഗസ്ഥര്‍ സെനഗലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിമാനത്തില്‍ കര്‍ണാടക പൊലീസാണ് രവിയോടൊപ്പം ഉണ്ടായിരുന്നത്. ഇയാളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
അധോലോക കുറ്റവാളിയായ ഛോട്ടാ രാജനൊപ്പം പ്രവര്‍ത്തിച്ചിരുന്ന രവി പൂജാരി പിന്നീട് ഇയാളുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സെനഗലില്‍ ജയിലിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി ദക്ഷിണാഫ്രിക്കയിലേക്ക് കടന്നു. ദക്ഷിണാഫ്രിക്കയില്‍ മയക്കുമരുന്ന് കടത്ത് നടത്തിയിരുന്ന രവി പൂജാരി, ആന്‍റണി ഫെര്‍ണാണ്ടസ് എന്ന വ്യാജപേരില്‍ ആഫ്രിക്കയിലെ ഒരു വിദൂര ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നതെന്നാണ് ഇന്ത്യന്‍ ഇന്‍റലിജന്‍സ് നല്‍കുന്ന സൂചന. ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാഫാസോയിലെ പാസ്‌പോര്‍ട്ട് ഇയാളുടെ പക്കലുണ്ടെന്നാണ് വിവരം.
52കാരനായ രവി പൂജാരി 2000ത്തിന്‍റെ തുടക്കത്തിലായിരുന്നു ബോളിവുഡ് താരങ്ങളില്‍ നിന്നും നിർമാതാക്കളിൽ നിന്നും വൻതോതിൽ പണം തട്ടിയെടുത്ത കേസുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞത്. മുംബൈയിലെ ഒരു പ്രമുഖ അഭിഭാഷകനെതിരെ നടന്ന കൊലപാതകശ്രമത്തിലും ഇയാൾ പങ്കാളിയായിരുന്നു.