ലക്‌നൗ: ഫത്തേപൂർ ജില്ലയിലെ ഉബിപൂരിൽ ബലാത്സംഗം ചെയ്‌ത് അമ്മാവൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പെൺകുട്ടി മരിച്ചു. ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം. ലാല ലജ്‌പത് റായ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. 90 ശതമാനം പൊള്ളലേറ്റിരുന്നു.
പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നപ്പോൾ അമ്മാവൻ വീട്ടിൽ വന്ന് പീഡിപ്പിക്കുകയായിരുന്നു. മണ്ണെണ്ണ ഒഴിച്ചാണ് തീകൊളുത്തിയത്. അയൽവാസികൾ പൊലീസിൽ അറിയച്ചതിനെത്തുടർന്നാണ് 25 വയസ്സുള്ള പ്രതിയെ അറസ്റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ബലാത്സംഗത്തിന് ശേഷം പെൺകുട്ടി സ്വയം തീകൊളുത്തിയതാണെന്ന് സഹോദരൻ നൽകിയ ആദ്യ പരാതിയിൽ പറയുന്നു. എന്നാൽ രണ്ടാമത്തെ പരാതിയിൽ അമ്മാവനാണ് പെൺകുട്ടിയെ തീകൊളുത്തിയതെന്ന് തിരുത്തി. ബലാത്സംഗം ചെയ്‌ത ശേഷം ഇത് കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് പെൺകുട്ടി ഭീഷണിപ്പെടുത്തിയപ്പോഴാണ് തീകൊളുത്തിയതെന്നും സഹോദരന്‍റെ പരാതിയിൽപ്പറയുന്നു. അതേസമയം, കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടി അമ്മാവനുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജീവ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു