കണ്ണൂർ: തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ലോട്ടറി വിൽപന നടത്തുന്നവരെ വ്യാജ ലോട്ടറി നൽകി വ്യാപകമായി പറ്റിക്കുന്നതായി പരാതി. സമ്മാനാർഹമായ ടിക്കറ്റ് വ്യാജമായി നിർമിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സാധാരണക്കാരനായ ചില്ലറ ലോട്ടറി വിൽപനക്കാരാണ് കൂടുതലും ഇത്തരത്തിലുള്ള തട്ടിപ്പിന് വിധേയരാകുന്നത്. വഴിയരികില്‍ നിന്ന് ഇവരുടെ ലോട്ടറി ടിക്കറ്റുകൾ മുഴുവനായി വാങ്ങിക്കുകയും തുടർന്ന് സമ്മാനാർഹമായ ടിക്കറ്റുകളുടെ കളർ പ്രിന്‍റുകള്‍ നൽകി പണം വാങ്ങി മുങ്ങുകയുമാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. സ്റ്റാളുകളില്‍ എത്തി ബാർകോഡ് സ്‌കാൻ ചെയ്യുമ്പോഴാകും പലപ്പോഴും തട്ടിപ്പ് മനസിലാകുന്നത്.
കഴിഞ്ഞ ദിവസം ചപ്പാരപ്പടവ് ഹെൽത്ത് സെന്‍ററിനടുത്ത് വെച്ച് 2000 രൂപ സമ്മാനം ലഭിച്ച രണ്ട് ലോട്ടറികൾ കൈമാറി 4000 രൂപ വാങ്ങിയാണ് തട്ടിപ്പുകാരൻ മുങ്ങിയത്. ലോട്ടറി മാറാൻ സ്റ്റാളിൽ എത്തിയപ്പോഴാണ് തനിക്ക് കിട്ടിയത് കണ്ടാൽ ഒറിജിനൽ ആണെന്ന് തോന്നുന്ന വ്യാജ ലോട്ടറിയാണെന്ന് മനസ്സിലാകുന്നത്. ഒറിജിനലിനെ വെല്ലുന്ന പ്രിന്‍റ് എടുത്ത വ്യാജലോട്ടറി പലസ്ഥലങ്ങളിലായി കൈമാറുന്നുണ്ട്. സ്റ്റാളുകളിൽ എത്തിയാൽ മാത്രമേ വ്യാജ ലോട്ടറി കണ്ടുപിടിക്കാൻ കഴിയൂവെന്നതാണ് ചില്ലറ വിൽപ്പനക്കാർക്ക് തിരിച്ചടിയാകുന്നത്.