തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് പൊലീസ് സംഘത്തിനു നേരെ പെട്രോൾ ബോംബും, പടക്കവും എറിഞ്ഞ് പൊലീസ് വാഹനം അടിച്ചുതകർത്ത കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ബാലരാമപുരം ഗവൺമെന്‍റ് സ്കൂളിനു പുറകിൽ താമസിക്കുന്ന ജസീക്ക്, നരുവാമൂട് അഞ്ചു ഭവനിൽ അനൂപ്, നരുവാമൂട് അലുവിള ഭദ്രകാളി ക്ഷേത്രത്തിനു സമീപം സൗമ്യ ഭവനിലെ ആദർശ് എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി വണ്ടിത്തടം പാപ്പൻ ചാണിക്ക് സമീപം ശാന്തിപുരത്താണ് സംഭവം.
നേരത്തെ തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ വാഹനം ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തിയ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വണ്ടിത്തടം ശാന്തിപുരം ജംഗ്ഷനു സമീപമായിരുന്നു ആക്രമണം. മോഷണം,കഞ്ചാവ് കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട സുധി എന്ന പ്രതിയെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കൂട്ടുപ്രതിയായ ശാന്തിപുരം നന്ദുവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേരെയാണ് ആക്രമണമുണ്ടായത്. പ്രതിയുടെ വീടിന് 50 മീറ്റർ എത്തിയപ്പോൾ തന്നെ പൊലീസിനു നേർക്ക് ആക്രമണം ഉണ്ടായി. പെട്രോൾ ബോംബ് എറിയുകയും പൊലീസ് ജീപ്പ് കല്ലെറിഞ്ഞു തകർക്കുകയും ചെയ്തു. ഇതേ തുടർന്ന് പൊലീസുകാർ അടുത്തുള്ള വീടുകളിൽ അഭയം തേടി. ഈ സമയത്താണ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതി ഓടി രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.