തിരുവനന്തപുരം: ജോലി വാഗ്‌ദാനം നൽകി തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയെന്ന കേസിൽ വാദം പൂർത്തിയായി. കേസില്‍ അഡീഷണൽ സെഷൻസ് കോടതി ജാമ്യ അപേക്ഷയിൽ വെള്ളിയാഴ്‌ച വിധി പറയുക. കേസില്‍ ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും നിരപരാധിയാണെന്നും പ്രതിഭാഗം പ്രോസിക്യൂഷന് മറുപടി നൽകി. കേസിലെ രണ്ടാം പ്രതി ഷൈജു നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് കോടതി വിധി പറയുക.
കെ.ടി.ഡി.സിയിൽ ജോലിവാഗ്‌ദാനം നൽകി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ഈ കേസിൽ രതീഷ് ഒന്നാം പ്രതി, ഷൈജു രണ്ടാം പ്രതിയുമാണ്. നെയ്യാറ്റിൻകര സ്വദേശി അരുൺ.എസ്.നായരാണ് പരാതിക്കാരൻ. കെ.എസ്.ബി.സിയിൽ ജോലിവാഗ്‌ദാനം നൽകി 11,49,000 ലക്ഷം തട്ടിപ്പ് നടത്തി എന്നാണ് മറ്റൊരു കേസ്. ഈ കേസിൽ രതീഷ് ഒന്നാം പ്രതി, സരിത.എസ്.നായർ, ഷൈജു എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. ഈ കേസിൽ നൽകിയ മുൻകൂർ ജാമ്യ അപേക്ഷ സരിത എസ് നായർ പിൻവലിച്ചു.