സന: യമൻ പ്രസിഡന്‍റ് അബ്ദുറബ്ബ് മൻസൂർ ഹാദി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. സൗദി അറേബ്യയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മൻസൂര്‍ ഹാദി രാജിവച്ചൊഴിഞ്ഞത്. മൻസൂര്‍ ഹാദി വീട്ടുതടങ്കലിലാണെന്ന് യമൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭരണം പ്രസിഡൻഷ്യല്‍ കൗണ്‍സിലിന് കൈമാറി.
കഴിഞ്ഞ ഏഴ് വര്‍ഷമായി യമനില്‍ രാഷ്ട്രീയ പ്രതിസന്ധിയാണ്. 2011ലെ അറബ് വസന്തത്തോടെ യമനിലെ ദീർഘകാല സ്വേച്ഛാധിപത്യ പ്രസിഡന്‍റായ അലി അബ്ദുല്ല സാലിഹ് ഭരണത്തിൽ നിന്നും പിന്മാറി. ഇതോടെയാണ് സാലിഹിന്‍റെ ഉപ മന്ത്രിയായിരുന്ന അബ്ദു റബ്ബ് മൻസൂർ ഹാദി രാജ്യത്തിന്‍റെ പ്രസിഡന്‍റാവുന്നത്. അന്നുമുതല്‍ ആഭ്യന്തര പ്രശ്നവും സാമ്പത്തിക സ്ഥിതിയും ഗുരുതരമായി. ഇത് കലാപത്തിലേക്ക് നയിച്ചു. ഹൂതികളാണ് കലാപം നയിച്ചത്.
യമൻ യുദ്ധം: 2014 മുതൽ ആഭ്യന്തര യുദ്ധം കനത്തതോടെ യുദ്ധം മൂന്ന് ഭാഗമായി മാറി. യമൻ ഭരണകൂടത്തിന്‍റെ പ്രധാന എതിരാളികൾ ഹൂതികളായിരുന്നു. ഇവർ തലസ്ഥാനമായ സൻആ കൈയടക്കി. ഇതോടെ യമൻ ഭരണകൂടം ഏദൻ തലസ്ഥാനമാക്കി. ഏദൻ വൈകാതെ തെക്കൻ വിഭജന വാദികളും പിടിച്ചെടുത്തു. ഇതോടെ ഹൂതികൾക്കെതിരായ നീക്കം ദുർബലമായി. പല ഭാഗങ്ങളും ഹൂതികൾ ബലം പ്രയോഗിച്ചും ഇറാൻ പിന്തുണയോടെയും ആയുധങ്ങളുടെ പിൻബലത്തോടെയും പിടിച്ചെടുത്തു.
യമനിലെ സംഘർഷം ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി സൃഷ്ടിച്ചതായി ഐക്യരാഷ്ട്രസഭ പറയുന്നു. രണ്ട് ലക്ഷത്തിലേറെ പേർ നിലവിൽ മരിച്ചു. പലരും യുദ്ധക്കെടുതിൽ ചികിത്സയിൽ തുടരുന്നു. യമൻ സൈന്യത്തെ സഹായിക്കാൻ സൗദിക്കൊപ്പം ഭൂരിഭാഗം അറബ് രാജ്യങ്ങളടക്കം 34 രാജ്യങ്ങളാണ് പങ്കാളികളായത്. ഇതിൽ 60 ശതമാനവും ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയിലെ അംഗങ്ങളയിരുന്നു. നിലവിൽ 41 രാജ്യങ്ങൾ സഖ്യത്തിലുണ്ട്. യുഎഇ, ഈജിപ്ത്. കുവൈത്ത്, ജോർദാൻ, തുർക്കി, പാകിസ്ഥാൻ, തുനീഷ്യ, സുഡാൻ, ഒമാൻ, ഖത്തർ, നൈജീരിയ, മൊറോക്കോ, മാലിദീപ്, മലേഷ്യ, ലിബിയ തുടങ്ങിവർ യുദ്ധത്തിൽ പങ്കാളികളാണ്.
സൗദിയുടെ ഇടപെടല്‍ എന്തുക്കൊണ്ട്: യമനിലെ ആഭ്യന്തര സംഘർഷം ഏറ്റവും ബാധിച്ചത് സൗദിയേയാണ്. യമനിലെ അസ്ഥിരതയിൽ ഹൂതികൾക്ക് പിന്തുണയുമായി ഇറാനെത്തി. ഇറാനാണ് ഹൂതികൾക്ക് ആയുധം കൈമാറുന്നതിൽ വലിയ പങ്കു വഹിക്കുന്നത്. ഇതിന്‍റെ തെളിവുകൾ സഖ്യസേന പുറത്ത് വിട്ടിരുന്നു.
ആരണ് ഹൂതികള്‍: യമനിലെ സൈദി ഷിയാ വിഭാഗമായ സായുധ സംഘമാണ് ഹൂതികൾ. അൻസാറുല്ലാഹ് എന്നും ഇവരെ വിളിക്കുന്നു. ഇവർ അലി അബ്ദുല്ല സാലിഹിനെ തന്നെ പ്രസിഡന്‍റാക്കാണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. തലസ്ഥാനമായ സൻആയുടെ ഭരണം ഹൂതികൾ പിടിച്ചെടുത്തു. ഇതോടെ 2015ൽ ഹാദി സൗദിയിൽ അഭയം തേടി. ഇന്നും അദ്ദേഹം സൗദിയിൽ തുടരുന്നുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികളെ പ്രതിരോധിച്ച് ഹാദിയെ തന്നെ പ്രസിഡണ്ടാക്കാൻ വേണ്ടി സൗദി നടത്തിയ ഇടപെടലിൽ ജിസിസി രാജ്യങ്ങളടക്കം പങ്കാളികളായി.
യമനിലെ ഷിയ സൈദി വിഭാഗത്തിൽ പെട്ട ഹുസൈൻ അൽ ഹൂതി എന്ന നേതാവിന്‍റെ പേരിൽ നിന്നാണ് ഹൂതികൾ ആ പേര് സ്വീകരിക്കുന്നത്. ഇദ്ദേഹം സ്ഥാപിച്ച സംഘമാണ് പിന്നീട് 1990ന്‍റെ പകുതിയിൽ ഹൂതികളായി രൂപാന്തരം പ്രാപിച്ചത്. യമനിൽ ഹൂതികൾ ന്യൂനപക്ഷമായിരുന്നു. 2004 മുതൽ ഇവർ സര്‍ക്കാരുമായി ഏറ്റുമുട്ടലിലാണ്. സർക്കാർ ഭരണത്തിൽ ന്യൂനപക്ഷമെന്ന നിലക്കുള്ള പ്രാതിനിധ്യം, വടക്കൻ യമനിലെ ഹൂതി മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഇന്ധന വിലയിളവ് വെട്ടിക്കുറച്ച നടപടി റദ്ദാക്കുക, കരട് രൂപപ്പെട്ട യമൻ ഭരണഘടനയിൽ ഹൂതികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഭാഗം ചേർക്കുക എന്നിവയായിരുന്നു ആദ്യ ആവശ്യങ്ങൾ.