ജിദ്ദ : സൗദി അറേബ്യന്‍ നഗരമായ ജിദ്ദയിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം. അടുത്ത ദിവസങ്ങളിൽ ഹൂതികൾ ആക്രമിച്ച അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ആരാംകോ കമ്പനിയുടെ സംഭരണ ശാലയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മക്കയിലേക്കുള്ള മുസ്ലിം തീർഥാടകരുടെ നിർണായകകേന്ദ്രം കൂടിയാണിവിടം.
ഞായറാഴ്‌ച നടക്കാനിരിക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിന്‍റെ വേദിക്ക് പുറത്തുമാണ് ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭരണ ശാല ലക്ഷ്യമാക്കി ഹൂതികൾ മിസൈൽ ആക്രമണം നടത്തിയതായി സൗദി അധികൃതർ അറിയിച്ചു.
സംഭവത്തില്‍ കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഫോര്‍മുല വണ്‍ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് സംഘാടകരായ സൗദി മോട്ടോർസ് പോർട്ട് കോ വ്യക്തമാക്കി. ആക്രമണത്തില്‍ രണ്ട് ടാങ്കുകൾക്ക് തീപിടിച്ചതായും ആര്‍ക്കും പരിക്കേല്‍ക്കാതെ തന്നെ തീ അണച്ചതായും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് ബ്രിഗ്. ജനറൽ തുർക്കി അൽ-മാൽക്കി പറഞ്ഞു.
ഹൂതികള്‍ ആഗോള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലിന് തുരങ്കം വയ്ക്കാൻ ലക്ഷ്യമിടുന്നു. ആക്രമണങ്ങൾക്ക് ജിദ്ദയിലെ പൊതുജീവിതത്തിൽ ഒരു തരത്തിലുമുള്ള സ്വാധീനമോ പ്രത്യാഘാതമോ ഉണ്ടാക്കാനായില്ലെന്നും അൽ-മാൽക്കി പറഞ്ഞു.
എണ്ണ സംഭരണ ശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി അറേബ്യ തിരിച്ചടിച്ചു. സനായിലും ഹുദെയ്ദായിലുമാണ് സൗദി തിരിച്ചടി നല്‍കിയത്.