മിഷിഗൺ (യുഎസ്) : എത്ര വില കൊടുത്തും പുത്തൻ ഫോണുകളും വാച്ചുകളും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ധാരാളം ഉണ്ടാകും. ആപ്പിൾ ഫോണുകൾക്കും വാച്ചുകൾക്കും പുറകെ പായുന്നവരുടെ പല രസകരമായ കഥകളും ട്രോളുകളും ദിനംപ്രതി സമൂഹ മാധ്യമങ്ങളിൽ നാം കാണാറുണ്ട്. എങ്കിൽ അത്തരമൊരു വിലകൂടിയ ഗാഡ്‌ജെറ്റ് കയ്യിൽ നിന്നും നഷ്‌ടമായാലോ?
അത് വീണ്ടെടുക്കാൻ നിങ്ങൾ എത്രത്തോളം ശ്രമിക്കും? അബദ്ധത്തിൽ കളഞ്ഞുപോയ തന്‍റെ ആപ്പിൾ വാച്ച് (Apple Watch) വീണ്ടെടുക്കാൻ ജീവൻ പോലും പണയംവച്ച് ശ്രമം നടത്തിയ ഒരു യുവതിയുടെ വാർത്തയാണ് യുഎസിൽ നിന്നും വരുന്നത്. ഇവരുടെ വിലയേറിയ വാച്ച് അറിയാതെ ടോയ്‌ലെറ്റിൽ വീഴുകയായിരുന്നു (Woman Lost Apple Watch In Toilet).
വാച്ച് തിരികെ കിട്ടാൻ മറിച്ചൊന്നും ആലോചിക്കാതെ, ക്ലോസെറ്റ് എടുത്ത് മാറ്റി ടോയ്‌ലെറ്റിലൂടെ കണ്ടെയ്‌ൻമെന്‍റ് ഏരിയയിലേക്ക് ഇവർ പ്രവേശിച്ചു (Woman Entered the Containment Area through the Toilet). ഒടുവിൽ യുവതിയെ രക്ഷിക്കാൻ പൊലീസ് വരേണ്ടിവന്നു. എന്നാൽ അതിനുള്ളിൽ വാച്ച് കൈക്കലാക്കാൻ അവർക്കായി.
വടക്കൻ മിഷിഗണിലെ ഔട്ട്‌ഹൗസ് ടോയ്‌ലെറ്റിൽ വച്ചാണ് യുവതിക്ക് ആപ്പിൾ വാച്ച് നഷ്‌ടമായത്. ഉടൻ തന്നെ ഇവർ കണ്ടെയ്‌ൻമെന്‍റ് ഏരിയയിലേക്ക് ഇറങ്ങുകയും അവിടെ കുടുങ്ങുകയുമായിരുന്നു. ചൊവ്വാഴ്‌ചയായിരുന്നു സംഭവം. ഒടുവിൽ പൊലീസ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇത്തരത്തില്‍ കണ്ടെയ്‌ൻമെന്‍റ് ഏരിയയിലേക്ക് ഇറങ്ങുന്നത് ഗുരുതരമായ പരിക്കിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകിയാണ് മിഷിഗൺ പൊലീസ് (Michigan police) മടങ്ങിയത്. ഒറ്റ്‌സെഗോ കൗണ്ടി ബാഗ്‌ലി ടൗൺഷിപ്പിൽ ഡിക്‌സൺ തടാകത്തിലെ പ്രകൃതിവിഭവ വകുപ്പിന്‍റെ ബോട്ട് ലോഞ്ചിലെ ഔട്ട്‌ഹൗസ് ടോയ്‌ലെറ്റിലാണ് യുവതിയുടെ വാച്ച് കളഞ്ഞുപോയത് (Department of Natural Resources boat launch at Dixon Lake in Otsego County's Bagley Township). പിന്നാലെ അത് വീണ്ടെടുക്കാൻ ടോയ്‌ലെറ്റിനുള്ളിൽ സ്വയം ഇറങ്ങുകയായിരുന്നു എന്ന് സംസ്ഥാന പൊലീസ് ബുധനാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
ഔട്ട്‌ഹൗസ് ടോയ്‌ലെറ്റിൽ ഒരു സാധനം നഷ്‌ടപ്പെട്ടാൽ, കണ്ടെയ്‌ൻമെന്‍റ് ഏരിയക്കുള്ളിൽ കയറാൻ ശ്രമിക്കരുതെന്നും അത് വലിയ അപകടത്തിന് കാരണമാകുമെന്നും പൊലീസ് പ്രസ്‌താവനയിൽ അറിയിച്ചു. സ്‌ത്രീ സഹായത്തിനായി നിലവിളിച്ചപ്പോഴാണ് സംഭവം ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ പൊലീസെത്തി സ്‌ട്രാപ്പ് ഉപയോഗിച്ച് യുവതിയെ പുറത്തെടുക്കുകയായിരുന്നു. യുവതി വാച്ച് വീണ്ടെടുത്തിരുന്നു എന്നും അവർക്ക് പരിക്കില്ലെന്നും മിഷിഗൺ സ്റ്റേറ്റ് പൊലീസ് വക്താവ് ഡെറിക് കരോളിനെ (Michigan state police spokesman, Derrick Carroll) ഉദ്ധരിച്ച് റിപ്പോട്ടുകൾ പുറത്തുവന്നു.
ALSO READ: ഗുജറാത്തിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരി മരിച്ചു; മൃതദേഹം പുറത്തെടുത്തത് 21 മണിക്കൂറിന് ശേഷം